
പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; തമിഴ്നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വര്‍ണ നിധി വാഗ്ദാനം; മാങ്ങാവ്യാപാരി 30 ലക്ഷത്തിലേറെ രൂപ വാങ്ങിയിരുന്നതായി അറസ്റ്റിലായ പ്രതികൾ
പാലക്കാട്: കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണ നിധി വാഗ്ദാനമെന്ന് മൊഴി. മുതലമട സ്വദേശി കബീര്‍ പലപ്പോഴായി 30 ലക്ഷത്തിലേറെ രൂപ വാങ്ങിയിരുന്നതായി അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്വര്‍ണവും പണവും കിട്ടാതെ വന്നതോടെയാണ് കബീറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
തമിഴ്‌നാട് മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്. മുതലമടയിലെ മാങ്ങാ കര്‍ഷകനാണ് കബീര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിന് പരിക്കേറ്റ കബീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് സംഘം കാറില്‍ കയറ്റി.
സുഹൃത്തിനെ കാറില്‍ കയറ്റാതെ സംഘം അതിവേഗം വിട്ടുപോയി. മീനാക്ഷിപുരം വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടര്‍ന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വഴിയില്‍ വെച്ച് കാര്‍ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷിപുരം പൊലീസ് പിടികൂടിയ പ്രതികളെ കൊല്ലങ്കോട് പൊലീസിന് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
