വെറുമൊരു ജയമല്ല; മാന്ത്രികന്റെ കാലുകൾ വിരിയിച്ച വസന്തം.അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു വളച്ചിറക്കി എൻസോ ഫെർണാണ്ടസ് അതിനു പൂർണത നൽകി.അര്‍ജന്റൈന്‍ വിസ്മയ വിജയം വിലയിരുത്തി ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ.
കളിക്കാരും ആരാധകരും സമ്മർദത്തിന്റെ മുൾത്തലപ്പിൽ നിൽക്കുന്നൊരു ഡു-ഓർ-ഡൈ മത്സരത്തിൽ ലയണൽ മെസ്സി നിറഞ്ഞാടുകയും പൂർണതയോടടുത്തു നിൽക്കുന്ന ടീം ഗെയിം കളിച്ച് അർജന്റീന ആധികാരികമായി ജയിക്കുകയും ചെയ്യുന്നതിനേക്കാൾ മനോഹരം മറ്റെന്തുണ്ട്? എങ്ങനെയെങ്കിലും കളിച്ച് ഒരു ഗോളിനെങ്കിലും രക്ഷപ്പെടട്ടെ എന്നാഗ്രഹിച്ച കളിയിൽ കണ്ണും മനവും നിറച്ചാണ് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ നിന്നു തിരിച്ചുകയറിയത്. ഗോൾ ബാറിനു കീഴിൽ എമി മാർട്ടിനസ് മുതൽ അവസാനം കളത്തിലെത്തിയ ക്രിസ്റ്റ്യൻ റൊമേറോ വരെ അവകാശികളായ, ചേതോഹരങ്ങളായ രണ്ട് ഗോളുകൾ തിലകം ചാർത്തിയ ഒരു ജയം. അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു വളച്ചിറക്കി എൻസോ ഫെർണാണ്ടസ് അതിനു പൂർണത നൽകി. രണ്ടാം ഗോളിനു ശേഷം സഹതാരങ്ങളുടെ ആഘോഷങ്ങൾ തീരാൻ ക്ഷമാപൂർവം കാത്തുനിന്ന ശേഷം അൽവാരസിനു മെസ്സി നൽകിയ ഗാഢമായ ആലിംഗനത്തിലുണ്ട് ഈ മത്സരഫലം അർജന്റീനക്ക് എന്തായിരുന്നു എന്നതിന്റെ ഉത്തരം മുഴുവനും.
സൗദി അറേബ്യയോടേറ്റ ഷോക്കിങ് പരാജയത്തിൽ കളത്തിലുണ്ടായിരുന്ന ടീമിൽ നിർണായകമായ മാറ്റങ്ങളോടെയാണ് ലയണൽ സ്‌കലോനി ഇന്ന് പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചത്. പ്രതിരോധത്തിൽ നിക്കൊളാസ് ഒറ്റമെൻഡിയെ മാത്രം നിലനിർത്തി കാര്യമായ അഴിച്ചുപണി നടത്തിയിരുന്നു. വലതുഭാഗത്ത് നഹുവൽ മൊളിനയ്ക്കു പകരം ഗോൺസാലോ മോണ്ടിയലും ഇടതുഭാഗത്ത് ടാഗ്ലിയഫിക്കോയ്ക്കു പകരം മാർക്കോസ് അക്യുനയും വന്നു. കഴിഞ്ഞ മത്സരത്തിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ ക്രിസ്റ്റ്യൻ റൊമേറോയെ മാറ്റി ആംസ്റ്റർഡാമിലെ അറവുകാരനെന്നു ചെല്ലപ്പേരുള്ള ലിസാന്ദ്രോ മാർട്ടിസിനെ ഇറക്കി. മധ്യനിരയിൽ നിർണായകമായ ഹോൾഡിങ് റോൾ പരദെസിൽ നിന്നെടുത്ത് ഗയ്‌ദോ റോഡ്രിഗ്വസിനെ ഏൽപ്പിച്ചു. അലയാന്ദ്രോ ഗോമസിന്റെ പ്രായമായ കാലുകൾക്കു പകരം ഇടതു മിഡ്ഫീൽഡിൽ മക് അലിസ്റ്ററിൽ കോച്ച് വിശ്വാസമർപ്പിച്ചു. പോളണ്ടിനെതിരെ സമനില പാലിച്ച മെക്സിക്കോ സംഘത്തിൽ മൂന്ന് മാറ്റങ്ങളാണ് ജെറാഡോ മാർട്ടിനോ നടത്തിയത്.
ഗോളടിക്കുക എന്നതിനേക്കാൾ വഴങ്ങാതിരിക്കുക പ്രധാനമായിരുന്നതിനാൽ ആദ്യപകുതിയിൽ അർജന്റീനയുടെ കളി കരുതലോടെയായിരുന്നു. സ്‌കലോനിയുടെ മാറ്റങ്ങളെല്ലാം ഫലിച്ചുവെന്ന് തോന്നിക്കുംവിധത്തിലായിരുന്നു, കാര്യമായും മൈതാനമധ്യത്തിൽ തട്ടിത്തടഞ്ഞു നിന്ന കളിയുടെ പുരോഗമനം. മെക്‌സിക്കോയുടെ അപകടകാരികളായ ഹെർവിങ് ലൊസാനോയെയും അലക്‌സിസ് വേഗയെയും തളക്കുന്നതിൽ അർജന്റീനയുടെ മധ്യനിര ബദ്ധശ്രദ്ധ കാണിച്ചപ്പോൾ രണ്ടു വിങ്ങുകളിലായി ലൂയിസ് ഷാവേസിനും ഗ്വർഡാഡോയ്ക്കും സ്‌പേസ് ലഭിച്ചു. സാഹസങ്ങൾക്കു മുതിരാത്ത അഞ്ചംഗ ഡിഫൻസിനെ സഹായിക്കും വിധമായിരുന്നു ഹോൾഡിങ് റോളിലുള്ള ഹെക്ടർ ഹെറേറയുടെ നീക്കങ്ങളെങ്കിലും മുന്നോട്ടുള്ള നീക്കങ്ങളിലും അയാൾ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലയണൽ മെസി ഫ്രീറോളിൽ റോന്തുചുറ്റിയപ്പോൾ ചെറിയ പാസുകളുമായി ക്ഷമയോടെ കളി മെനയാനാണ് അർജന്റീന ശ്രമിച്ചത്. വലതുഭാഗത്ത് ഡ്രിബിൾ ചെയ്തു കയറാൻ ശ്രമിച്ചുകൊണ്ടിരുന്ന ഡി മരിയയും ഓവർലാപ്പ് ചെയ്തു കളിച്ച ഡിപോളും ലിങ്ക് ചെയ്‌തെങ്കിലും ഫൈനൽ തേഡിൽ നിർണായക മൂവുകൾ വന്നില്ല. ഇടതുഭാഗത്ത് വിങ്ബാക്ക് അക്യുനയുടെ ഉടനീളമുള്ള കയറ്റങ്ങളായിരുന്നു പ്രധാനം. ആദ്യഘട്ടങ്ങളിൽ മുൻഭാഗത്തായിരുന്നെങ്കിലും മെസ്സിയുടേത് കൊടുക്കൽ വാങ്ങലുകൾ മാത്രമുള്ള ഒരു മിഡ്ഫീൽഡർ റോളായിരുന്നു ആദ്യപകുതിയിൽ മിക്കവാറും. ലൗത്താറോ മാർട്ടിനസിന്റെ കൃത്യതയില്ലാത്തൊരു ഹെഡ്ഡറും എമിലിയാനോ പറന്നുപിടിച്ച വേഗയുടെ ഫ്രീകിക്കുമൊഴിച്ചാൽ കാര്യമായ സംഭവങ്ങളൊന്നും ഇടവേളക്കു മുമ്പുണ്ടായില്ല. 40-ാം മിനുട്ടിലെ ലൗത്താറോയുടെ ഹെഡ്ഡറായിരുന്നു ഓപ്പൺ പ്ലേയിൽ നിന്നുള്ള അർജന്റീനയുടെ ആദ്യ ഗോൾശ്രമം എന്നതിൽ നിന്നുതന്നെ അവരുടെ അപ്രോച്ച് വ്യക്തമായിരുന്നു. എങ്കിൽപോലും കളി വിരസമായിരുന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മെക്‌സിക്കോ സമ്മർദം ചെലുത്തി നോക്കിയെങ്കിലും പന്ത് നിയന്ത്രിച്ചും കൃത്യമായി പൊസിഷൻ പാലിച്ചും അർജന്റീന അപകടങ്ങളില്ലാതെ പിടിച്ചുനിന്നു. ലോങ് ബോളുകൾ വഴി എതിർ ഡിഫൻസിനെ പിഴവുവരുത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ ഘട്ടത്തിൽ മെക്‌സിക്കോയുടെ തന്ത്രം. കളി പുരോഗമിക്കുന്നതിനനുസരിച്ച് നിയന്ത്രണത്തിലുള്ള പന്ത് കൂടുതൽ വേഗത്തിൽ നീക്കി അർജന്റീന ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്നു. ബോക്‌സിനു തൊട്ടുമുന്നിൽ ലഭിച്ച ഫ്രീകിക്ക് നഷ്ടപ്പെടുത്തിയതിനു ശേഷം മെസ്സി ബോക്‌സിലേക്ക് ഉയർത്തിനൽകിയൊരു പന്ത് വായിക്കുന്നതിൽ അക്യുന പരാജയപ്പെടുന്നതു കണ്ടു.
കളി ഒരു മണിക്കൂറായപ്പോൾ, അതുവരെ പ്രതിരോധ ജോലി ഭംഗിയായി നിർവഹിച്ച ഗയ്‌ദോ റോഡ്രിഗസിനെ മാറ്റി എൻസോ ഫെർണാണ്ടസിനെ ഇറക്കുകവഴി സ്‌കലോനി ഉദ്ദേശ്യം വ്യക്തമാക്കി; ഇനി കളിക്കുന്നത് ഗോൾ കണ്ടെത്താൻ വേണ്ടിയാകണം. അർജന്റീന എതിരാളികളുടെ ഗോൾ ഏരിയയിലേക്ക് കൂടുതൽ അടുത്ത് കളിക്കാൻ തുടങ്ങി. മെക്‌സിക്കോ പ്രതിരോധത്തിലേക്ക് കൂടുതൽ വലിഞ്ഞതോടെ, അതുവരെ കാര്യമായ ഫലങ്ങളുണ്ടാക്കാൻ കഴിയാതിരുന്ന ലൗത്താറോ മാർട്ടിനസിനെ വലിച്ച് ജൂലിയൻ അൽവാരസിനെ കളത്തിലിറക്കി. ഒപ്പം മോണ്ടിയലിന്റെ ക്ഷീണിച്ച കാലുകൾക്കു പകരം നഹുവൽ മാളീനയും വന്നു.
അർജന്റീന തുടരെ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മെസ്സിയുടെ ഗോൾ വരുന്നത്. മെസ്സിയുടെ കൗശലത്തോടെയുള്ള റണ്ണിന്റെയും ശ്രദ്ധാപൂർവമുള്ള ഒരു നീക്കത്തിന്റെയും ഫലമായിരുന്നു അത്. മെക്സിക്കോ ബോക്സിനു ചുറ്റും കോട്ട കെട്ടിനിൽക്കെ, വലതുഭാഗത്ത് എൻസോയ്ക്ക് പന്ത് കൈമാറി മെസ്സി മൈതാനത്തിന്റെ മധ്യഭാഗത്തേക്ക് ഓടിക്കയറുന്നു. ഫെർണാണ്ടസ് പക്ഷേ, മെസ്സി പോയ ദിശയിൽ കളിക്കാതെ പന്ത് വലതുഭാഗത്തേക്ക് അവിടെ സ്വതന്ത്രനായി നിന്ന ഡി മരിയയ്ക്കാണ് നീട്ടുന്നത്. ആ നീക്കത്തിൽ, മെസ്സിക്കൊപ്പം നിഴൽപോലെ നിന്നൊരു മെക്സിക്കൻ മിഡ്ഫീൽഡർക്ക് പ്രതിരോധമതിലിനൊപ്പം ചേരാനായി ബോക്‌സിലേക്കു നീങ്ങേണ്ടിവന്നു. ഒന്നുരണ്ട് ചുവടുകളുമായി ബോക്‌സിന്റെ തൊട്ടടുത്തെത്തിയ ഡി മരിയ, വലതുഭാഗത്ത് ഓടിക്കയറുന്ന ഡിപോളിനെ ഗൗനിക്കാതെ പെട്ടെന്ന് മധ്യത്തിലേക്ക് തിരിയുകയും മെസ്സി മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയാണെന്നു കാണുകയും ചെയ്യുന്നു. രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ മരിയ നൽകിയ പന്ത് ഡി സർക്കിളിന്റെ തൊട്ടുമുന്നിൽ മെസ്സി സ്വീകരിക്കുമ്പോൾ മാർക്ക് ചെയ്യാൻ ചുമതലയുണ്ടായിരുന്ന ഹെക്ടർ ഹെരേര മൂന്നുനാലടി അകലത്തിൽ നിന്ന് ഓടിയടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടങ്കാൽ കൊണ്ട് പന്ത് നിയന്ത്രിച്ച് മുന്നോട്ടിടാനും രണ്ടുമൂന്നു ചുവടുകൾ കൊണ്ട് ശക്തിസംഭരിച്ച് ഷോട്ട് തൊടുക്കാനും ആ സ്‌പേസ് മെസ്സിക്ക് ധാരാളമായിരുന്നു. ആൾക്കൂട്ടം നിറഞ്ഞുനിന്ന ബോക്‌സിൽ പന്തിനു കടന്നുപോകാനുള്ള ഇടം ഗണിച്ചെടുത്തതാണ് മെസ്സി ചെയ്ത മാന്ത്രികത. കൃത്യമായ വേഗതയോടെ നിലംപറ്റെ തൊടുത്ത ഷോട്ട് രണ്ട് ഫുൾബാക്കുകളെയും കടന്നതിനു ശേഷമാണ് ഒച്ചോവ കണ്ടത്. അയാൾ ഡൈവ് ചെയ്തപ്പോഴേക്കും നിലംപറ്റെ കടന്നുപോയ പന്ത് വലയിൽ തിരയിളക്കമുണ്ടാക്കിയിരുന്നു. തുടർച്ചയായ ആറാം മത്സരത്തിലും അർജന്റീനയ്ക്കു വേണ്ടി മെസ്സിയുടെ ഗോൾ; അർജന്റീനയ്ക്ക് ജീവന്റെ വലിയുള്ള ലീഡ്.
ഗോളിനു പിന്നാലെ മൂന്ന് സബ്സ്റ്റിറ്റിയൂഷനുകളുമായി മാർട്ടിനോ ഒരു തിരിച്ചടിക്ക് കോപ്പുകൂട്ടിയെങ്കിലും അർജന്റീന കളി ഏറെക്കുറെ സ്വന്തം നിയന്ത്രണത്തിലാക്കിക്കഴിഞ്ഞിരുന്നു. മെക്‌സിക്കോ മുന്നോട്ടുകയറുമ്പോൾ രണ്ട് ഡിഫന്റർമാരെ എൻഗേജ് ചെയ്തു നിന്ന മെസ്സി, ആക്രമണ നീക്കങ്ങളിലും സജീവമായി പങ്കെടുത്തു. ഗോൾ തിരിച്ചടിക്കാൻ ആക്രമിക്കണോ ഇനിയൊരു ഗോൾ വഴങ്ങാതിരിക്കാൻ നോക്കണോ എന്ന് മെക്‌സിക്കോ സന്ദേഹിച്ച നിമിഷങ്ങൾ. അവരുടെ ആക്രമണങ്ങൾ ലോങ് ബോളുകളും ബോക്‌സ് ലക്ഷ്യമാക്കിയുള്ള ക്രോസുകളും മാത്രമായത് എതിർഹാഫിൽ കുറ്റിയടിച്ചുനിൽക്കാൻ അർജന്റീനയ്ക്കു വളമായി. ഒരിക്കൽ ബോക്‌സിൽ കയറിയ അൽവാരസ് മെസ്സിയെ കണ്ടെത്താൻ നടത്തിയ ശ്രമം ഡിഫന്റർമാർ പണിപ്പെട്ട് വിഫലമാക്കുകയും ചെയ്തു.
87-ാം മിനുട്ടിൽ എൻസോ കളി സീൽ ചെയ്തു. ഷോർട്ടായെടുത്ത കോർണർ കിക്കിൽ മെസ്സിക്കു നൽകിയ ഡിപോളിൽ നിന്നായിരുന്നു ആ നീക്കത്തിന്റെ തുടക്കം. തന്നെ ശ്രദ്ധിച്ചു നിന്ന രണ്ട് ഡിഫന്റർമാർക്ക് ഇടനൽകാതെ മെസ്സി പന്ത് എൻസോയ്ക്ക് നീട്ടുമ്പോൾ യുവതാരത്തിന് ഇഷ്ടംപോലെ സ്ഥലവും സമയവുമുണ്ടായിരുന്നു. ബോക്‌സിൽ കയറി കാലനക്കങ്ങളുമായി പ്രതിരോധക്കാരെ കബളിപ്പിച്ച എൻസോ കൃത്യമായ കരുത്തും വളവുമുള്ളൊരു ഷോട്ടു തൊടുത്തു. ഒച്ചോവ വിഫലമായൊരു ഡൈവ് നടത്തിയെങ്കിലും പന്തിന്റെ ഗതിയിൽ കൈയെത്തിക്കാൻ കഴിഞ്ഞില്ല.
സൗദിയുടെ അട്ടിമറിയിലേറ്റ ആഘാതത്തിൽ നിന്നു മുക്തരാവാൻ കഴിഞ്ഞു എന്നതുമാത്രമല്ല, കനത്ത പ്രതിരോധം ഭേദിച്ചു രണ്ട് ഗോളുകൾ അടിക്കാൻ കഴിഞ്ഞു എന്നതും ഈ മത്സരഫലത്തിൽ അർജന്റീനയ്ക്ക് നിർണായകമാണ്. മെസ്സി മിന്നും ഫോമിലായിരുന്നു എന്നതും ടീം നല്ല ഒത്തൊരുമയോടെ കളിച്ചു എന്നതും പ്രധാനം. കടുകട്ടിയായി പ്രതിരോധിക്കുന്നതിനൊപ്പം മുന്നോട്ടു നല്ല പാസുകൾ നൽകിക്കൊണ്ടിരുന്ന ലിസാന്ദ്രോ, ക്ഷീണമറിയാതെ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും നീക്കങ്ങൾ നടത്തിയ ഡിപോൾ, നിരന്തരമായി ഇടതുവിങ്ങിൽ പാഞ്ഞുകയറിയ അക്യുന, ഭദ്രമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട മക്ക്അലിസ്റ്റർ തുടങ്ങി ഓരോരുത്തരെയും പേരെടുത്തു പറയണം.
സൗദി പോളണ്ടിനോട് രണ്ട് ഗോളിന് തോറ്റതോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനത്തേക്കു കയറാനുമായി. അടുത്ത മത്സരത്തിൽ സമനിലയെങ്കിലും നേടാൻ കഴിഞ്ഞാൽ, മെക്‌സിക്കോ സൗദിയെ രണ്ടിൽ കൂടുതൽ ഗോളിനു തോൽപ്പിച്ചില്ലെങ്കിൽ അർജന്റീനയ്ക്ക് ക്വാർട്ടർ കളിക്കാൻ കഴിയും. എന്നാൽ, ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായ, മിന്നുന്ന ഫോമിലുള്ള ഫ്രാൻസിനെ ഒഴിവാക്കണമെങ്കിൽ പോളണ്ടിനെ തോൽപ്പിക്കുക തന്നെ വേണ്ടിവരും.