play-sharp-fill
സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ്; പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്നതും ഗൗരവമായി പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ്; പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്നതും ഗൗരവമായി പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

നേരത്തെ അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ഗ്രേഡിംഗാണ് വീണ്ടും നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജുകളിലെ നാക് അക്രഡിറ്റേഷന്‍ മാതൃകയില്‍ സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് നേരത്തെ ആലോചിച്ചതാണ്. എസ് സിഇആര്‍ടിക്ക് ചുമതല നല്‍കിയെങ്കിലും വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പരിഷ്ക്കരണം മാറ്റിവെക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് മികവുകളും കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് വിവിധ തരം ഗ്രേഡുകള്‍ നല്‍കലായിരുന്നു ലക്ഷ്യം. എന്നാല്‍ ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ സര്‍ക്കാര്‍ സ്കൂളുകള്‍ അടക്കം ഗ്രേഡിംഗില്‍ പിന്നോട്ട് പോയാല്‍ കുട്ടികളെ ആ സ്കൂളുകളില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായത്.

താഴെ തട്ടിലെ ഗ്രേഡ് കിട്ടുന്ന സ്കൂളുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാകുമെന്ന് അധ്യാപക സംഘടനകളും പരാതി ഉന്നയിച്ചിരുന്നു. നാക് മോഡല്‍ മാറ്റി പുതിയ രീതിയിലുള്ള ഗ്രേഡിംഗ് സാധ്യതയാകും വിദ്യാഭ്യാസവകുപ്പ് ഇനി പരിഗണിക്കാന്‍ സാധ്യത.

സിബിഎസ്‌ഇയില്‍ ക്ലാളിറ്റി ഇന്‍ഡിക്കേറ്റര്‍ നോക്കി സ്കൂളുകളെ തരംതിരിക്കുന്ന സമ്പ്രദായം കേരള സിലബസ്സിലും വന്നേക്കും. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തും.

പരീക്ഷാ രീതിയിലും അടിമുടിമാറ്റവും വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്. താഴ്ന്ന ക്ലാസുകളില്‍ വിവിധ തരം പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ് കുട്ടിയെ നിലവില്‍ വിലയിരുത്തുന്നത്. എഴുത്തുപരീക്ഷകള്‍ എല്ലാ ക്ലാസുകളിലും ആവശ്യമില്ലെന്ന് നിരവധി വിദഗ്ധസമിതി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണനയിലുമുണ്ട്.