കോട്ടയം: കോൺഗ്രസിൽ വിലക്ക് വിവാദത്തിന് പിന്നാലെ ശശി തരുർ എം.പിയ്ക്ക് വേദി ഒരുക്കാൻ കോട്ടയത്തെ എ ഗ്രൂപ്പ്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ‘വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ’ എന്ന പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം. ഇതിന്റെ ഉദ്ഘാടകനായാണ് ശശി തരൂർ പങ്കെടുക്കുക.
പരിപാടിയുടെ പ്രചാരണ പോസ്റ്ററിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, കെ. സുധാകരൻ തുടങ്ങിയവരുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യത്തെ പോസ്റ്റർ. ഇതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാൽ വിവാദമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റർ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ശശി തരൂരിന്റെ മലബാർ പര്യടനത്തോടെയാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. വർഗീയ ഫാസിസത്തിനെതിരെ സന്ദേശം നൽകിയാണ് യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം എഐസിസി ഇടപെടില്ല. വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റേത്.