
പിറന്നാൾ കേക്ക് തോക്ക് കൊണ്ട് മുറിച്ചു ; കൂടാതെ ഫേസ്ബുക്ക് ലൈവും ;പിന്നാലെ പോലീസ് പിടിയിൽ
പിറന്നാൾ കേക്ക് കത്തിക്ക് പകരം തോക്ക് കൊണ്ട് മുറിച്ചാലോ? നിയമവിരുദ്ധമായി കൈവശം വെച്ച തോക്കുകൊണ്ട്. ഇതോടെ ഇയാൾ പോലീസ് പിടിയിലുമായി. ബുധനാഴ്ചയായിരുന്നു വിവാദമായ ഈ പിറന്നാളാഘോഷം.
ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായത്തിലെ സർപഞ്ചായ രാജു ഭദോരിയയുടേതായിരുന്നു പിറന്നാൾ. സ്വൽപം വ്യത്യസ്തമായ രീതിയിൽ പിറന്നാളാഘോഷിക്കണം എന്ന് കരുതിയാവണം രാജു കേക്ക് തോക്ക് കൊണ്ട് മുറിച്ചത്. ഒരു നാടൻ നിർമ്മിത തോക്കാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. തമാഞ്ച എന്നാണ് ഈ തോക്ക് അറിയപ്പെടുന്നത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിന് പിന്നാലെ പൊലീസും സംഭവം അന്വേഷിച്ചു. ഫേസ്ബുക്ക് ലൈവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധ നിയമ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കുറ്റം ചുമത്തി എന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് (എസ്ഡിഒപി) അരവിന്ദ് ഷാ പറഞ്ഞു. ഗ്രാമത്തലവന്റെ കൈവശം ഉണ്ടായിരുന്ന പ്രസ്തുത തോക്കും രണ്ട് വെടിയുണ്ടകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. 2021 ജനുവരിയിൽ ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ രണ്ട് പേർ ഇതുപോലെ ഒരു നാടൻ നിർമ്മിത പിസ്റ്റൾ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചിരുന്നു. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഷാനവാസ്, ഷാക്കിബ് എന്നീ രണ്ട് യുവാക്കളെ അവരുടെ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു. പിന്നാലെ, രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.