ഇനിയാണ് കളി; ലോകകപ്പ് ഫുട്ബാളിന് ഇന്ന് ഖത്തറിൽ കിക്കോഫ്.ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. 2018 ജൂലൈ 15 ന് റഷ്യയിലെ മൊസ്കോ നഗരത്തിലെ ലസ്നികി സ്റ്റേഡിയത്തിലാണ് അവസാനമായി ഫുട്ബോൾ ലോകകപ്പിന്റെ ആരവം ലോകം കണ്ടത്. നാല് വർഷത്തെ കാത്തിരിപ്പിന് വിട നൽകി ആ ആവേശം കടലുകൾ താണ്ടി ഇന്ന് ഖത്തറിലെ അൽ ബെയ്ത്തിൽ ഉയരും.
പ്രപഞ്ചമേ.. ഉണർന്നിരുന്നുകൊൾക…ലോകമേ കണ്ണുകൾ ചിമ്മാതിരിക്കുക …ഊഷരമായ മണൽപരപ്പിൽ കാൽപ്പന്തുകളിയുടെ തനിപ്പച്ചപ്പൂ മാന്ത്രികക്കാലമാണിനി. ഔദും റെബാബയും ഉച്ചത്തിൽ താളം പിടിക്കുകയാണ് ഖത്തറിലെങ്ങും. ഇവിടെ കതാറയിൽ പിറവികൊള്ളുന്നത് സമാനതകളില്ലാത്ത ചരിത്രം. തീച്ചൂളയിൽനിന്ന് ചൂടുപടർന്നുകയറിയ അൽറാസ് ഡ്രമ്മിന്റെ തുകൽപ്രതലത്തിൽനിന്ന് ലോകം മുഴുക്കെ ആ പടഹകാഹളം മുഴങ്ങുന്നു ഖത്തറിന്റെ മണ്ണിലെ വിശ്വമാനവികതയുടെ പടകാഹളം. അതിനൊത്ത് ‘അർദ’യുടെ ചുവടുകൾപോലെ വില്ലാളിവീരന്മാർ വ്യത്യസ്ത നിറക്കൂടുകളിൽ നിറഞ്ഞ് ഇരുപകുതികളിലായി നിന്ന് പടനയിക്കുന്ന കാലം.ഖത്തറിലെ മാമാങ്ക കാലം,ജീവൻ മരണ പോരാട്ട കാലം.
അൽബെയ്ത്തിന്റെ പുൽനാമ്പുകൾ വിശ്വമേളയുടെ പദചലനങ്ങളിലമരാൻ ഇനി മണിക്കൂറുകൾ മാത്രം. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ കളിത്തട്ടിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് ഒടുക്കമാകും. കാൽപന്തുകളിയുടെ മഹത്വത്തിന്റെ മഹനീയതയുടെ ജനകീയതയുടെ മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ കളിക്കൂട്ടമായ ഇക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽനിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും,സർവ സജ്ജരായി.സർവരൂപ പ്രതാപികളായി.
ബർസാൻ ടവറിന്റെ ഔന്നത്യത്തിൽനിന്ന് ഖത്തർ ലോകത്തെ ഉറ്റുനോക്കുകയാണ്. ഇത് കളിയുടെ വീരചരിതങ്ങളിലേക്ക് നീട്ടിയെറിഞ്ഞൊരു ത്രൂപാസ്. ടാക്ലിങ്ങിന്റെ പരുക്കൻ അടവുകളുമായി തടയാനെത്തിയവരുടെ കുതന്ത്രങ്ങളെ ഇച്ഛാശക്തിയിൽ കൊരുത്ത ഡ്രിബ്ലിങ്ങിലൂടെ വെട്ടിയൊഴിഞ്ഞു നേടിയ വിജയം.അറബിനാട്ടിലെ ഊദും അത്തറും മണക്കുന്ന ഇളം കാറ്റിന് പോലും ഇപ്പോഴും അഭിമാനത്തോടെ പറയാനുണ്ടാവുക ഖത്തർ എന്ന കൊച്ചു രാഷ്ട്രം ഇച്ഛയോടെ പൊരുതി നേടിയ ഈ ആതിഥേയത്വത്തെക്കുറിച്ച് തന്നെയായിരിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പടിഞ്ഞാറിന്റെ പാളിപ്പോയ പ്രതിരോധ നീക്കങ്ങൾ,മുനയൊടിഞ്ഞു പോയ,തേഞ്ഞുപോയ സായിപ്പിന്റെ അഹങ്കാരപർവ്വമായ തൻപോരായ്മയുടെ ഗോൾമുഖത്ത് ഖത്തർ തുരുതുരാ ഗോളടിച്ചുകൊണ്ടിരിക്കുന്നു. സെക്രീതും അൽ റകയാത്തുമൊക്കെ കോട്ടകെട്ടിയ നാടിന്റെ ചങ്കുറപ്പിനുമുന്നിൽ അതു യാഥാർഥ്യമായി പുലരുകയാണ്.ആ യാഥാർഥ്യത്തിലേക്കിറങ്ങി പന്ത് തട്ടേണ്ട ഗതികേടിൽ പടിഞ്ഞാറിന്റെ പടത്തലവന്മാർ തലകുനിച്ച് ഖത്തറിലേക്ക് വന്നു കഴിഞ്ഞു,തലയുയർത്തി ലോകകിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷകളും പേറി. പന്തുകളിയുടെ മഹാപുണ്യമായി വീണ്ടുമൊരു ലോകകപ്പ്, ചരിത്രത്തിലെ 22ാം പെരുങ്കളിയാട്ടത്തിന്റെ തിരയിളക്കത്തിൽ അറേബ്യൻ ഉൾക്കടലിന്റെ തീരം ബഹുമാനിതരാവുന്നു,പുളകിതരാകുന്നു,ആവേശകൊടുമുടിയിൽ ഖത്തറിന്റെ വിജയ പതാക നാട്ടുന്നു.
മലയാളികൾ ഉൾപ്പെടെ ഈ മണ്ണിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ആരവങ്ങളും ഈ ലോകകപ്പിന്റെ കരുത്താവുകയാണ്. തീരവും മരുഭൂവുമൊന്നാവുന്ന സീലൈനിൽനിന്ന് കാഴ്ചകൾ ഗോൾലൈനിലേക്ക് കൂടുമാറുന്നു. കോർണിഷിൽനിന്ന് ലക്ഷണമൊത്ത കോർണർ കിക്കുകൾപോലെ ആവേശം കളിമുറ്റങ്ങളിലേക്ക് ഏങ്കോണിച്ചിറങ്ങുകയാണ്. ആരവങ്ങൾക്ക് ചൂട്ടുപിടിച്ച് വാഖിഫും വക്രയും കതാറയുമടക്കമുള്ള ചേതോഹര തെരുവുകൾ. പെനിൻസുലയുടെ പുൽമേട്ടിൽ പെനാൽറ്റി സ്പോട്ടുകൾ പന്തിന്റെ മൃദുസ്പർശം കാത്തുകിടക്കുന്നു.അങ്ങനെ ആകമൊത്തം ഖത്തർ ലോകകപ്പിലേക്ക് ചുരുങ്ങിക്കഴിഞ്ഞു.ലോകമാനവികതയുടെ കായിക മാമാങ്കം ആരംഭിക്കുമ്പോൾ എവിടെയും എപ്പോഴും ചർച്ച ഒന്ന് മാത്രം…ലോകകപ്പ് അത്ര ഹൃദയ വികാരത്തോടെയാണ് ഒരു രാജ്യം അതിന്റെ അഭിമാനമായ സംഘാടനം ഏറ്റെടുത്തിരിക്കുന്നത്.
എല്ലാ അർഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്നേഹവും അഭിമാനവും ചേർത്ത് ഖത്തർ മാടിവിളിക്കുന്നു.ആതിഥേയത്വത്തിന്റെ അമൂർത്തമായ ആസ്വാദനത്തിനായി. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ, 12 ലക്ഷം കാണികൾ…. പന്തിന്റെ പെരുന്നാൾപിറക്ക് കൺപാർക്കുകയാണ് ലോകം. ഡിസംബർ 18ന്റെ രാത്രിയിൽ, പ്രഭാപൂരിതമായ ലുസൈൽ സ്റ്റേഡിയത്തിൽ ആ സ്വർണക്കിരീടം മാറോടണക്കുന്ന പോർസംഘം ആരാകും?മെസ്സിയും, റൊണാൾഡോയും, നെയ്മറും , എംബാപ്പെയുമെല്ലാം അവസാനമായി ഒരുമിച്ചെത്തുന്ന ലോകകപ്പായതുകൊണ്ട് തന്നെ, ഡിസംബര്‍ 18ന് വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിന്റെ അവസാന വിസ്സിൽ മുഴങ്ങും വരെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലാ രാത്രികളാണ്. ആധിയും ആകാംക്ഷയും സ്വപ്നങ്ങളും ചാലിച്ച് ആറ്റിയും കുറുക്കിയുമുള്ള കണക്കുകൂട്ടലുകളുടെ കാലമാണിനി. അതുവരെ ലോകം ‘അൽരിഹ്‍ല’യെന്ന പന്തിനൊപ്പം പായും.പാഞ്ഞുകൊണ്ടേയിരിക്കും.