അന്ധവിശ്വാസങ്ങള്‍ തടയുന്നതിന് നിയമ നിര്‍മ്മാണം നടത്തണം; ഇവയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ കര്‍ശനമായി നിരോധിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

Spread the love

സ്വന്തം ലേഖിക

എറണാകുളം: അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയുന്നിന് പര്യാപ്തമായ ഒരു നിയമ നിര്‍മ്മാണം അടിയന്തിരമായി കൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.

അന്ധവിശ്വാസവും ആഭിചാര പ്രക്രിയയും ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്യങ്ങള്‍ കര്‍ശനമായി നിയമം വഴി നിരോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ബോധവല്‍ക്കരണം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

നരബലിയുടെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ക്കെതിരെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പു സെക്രട്ടറിക്കുമാണ് ഉത്തരവ് നല്‍കിയത്.

കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയും പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ചും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു.

കേരളത്തില്‍ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിരീക്ഷിച്ചു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഫലപ്രദമായ ഒരു ഇടപെടല്‍ ആവശ്യമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.