
53-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങൾ പൂർത്തിയായി;ചലച്ചിത്രോത്സവം 20 മുതൽ 28 വരെ.മേളയിൽ പ്രദർശിപ്പിക്കുക 280 ചിത്രങ്ങൾ.
ഈ മാസം 20 മുതൽ 28വരെ ഗോവയിൽ നടക്കുന്ന 53-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങൾ പൂർത്തിയായി. ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ ചിത്രം അൽമ ആൻഡ് ഓസ്കറാണ് ഉദ്ഘാടനചിത്രം, സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പർ. സിനിമയ്‌ക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നൽകുന്ന സത്യജിത് റായ് പുരസ്കാരം സ്‌പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്‌ക്ക് നൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.
79 രാജ്യങ്ങളിൽ നിന്നായി 280 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘ഇന്ത്യൻ പനോരമ’യിൽ 25 ഫീച്ചർ, 20 നോൺ ഫീച്ചർ സിനിമകളും അന്താരാഷ്ട്രവിഭാഗത്തിൽ 183 സിനിമകളുമുണ്ടാകും. കൺട്രി ഫോക്കസ് ആയി 8 ഫ്രഞ്ച് സിനിമകളും ‘ഇന്ത്യൻ റീസ്റ്റോർഡ് ക്ലാസിക്സ്’ വിഭാഗത്തിൽ എൻ.എഫ്.എ.ഐയിൽ നിന്നുള്ള സിനിമകളും പ്രദർശിപ്പിക്കും· ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാവ് ആശ പരേഖിന്റെ ചിത്രങ്ങളുടെ ‘ആശ പരേഖ് റെട്രോസ്പെക്റ്റീവ്’ ഉണ്ടാകും.
ഇതിഹാസ ചലച്ചിത്രങ്ങളുടെ മികച്ച പ്രിന്റുകൾ ‘ദി വ്യൂവിംഗ് റൂമി’ൽ കാണാം. സിനിമയാക്കാൻ കഴിയുന്ന പുസ്തകങ്ങളുടെ പകർപ്പവകാശ വിൽപ്പനയ്‌ക്കുള്ള വേദിയുമുണ്ട്. ഓസ്കർ പുരസ്കാരം നേടിയ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ അടക്കം ഓഡിയോ, സബ്‌ടൈറ്റിലുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഭിന്നശേഷിക്കാർക്കായി പ്രദർശിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വി കോണനൂരിന്റെ കന്നഡ ചിത്രം ഹഡിനെലന്തു (‘ഇന്ത്യൻ പനോരമ’), ദിവ്യ കോവാസ്ജിയുടെ ‘ദി ഷോ മസ്റ്റ് ഗോ ഓൺ'(കഥേതരസിനിമാ), ഓസ്‌കാറിലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ പാൻ നളിന്റെ ‘ചെല്ലോ ഷോ-ദി ലാസ്റ്റ് ഫിലിം ഷോ’, മധുർ ഭണ്ഡാർക്കറുടെ ‘ഇന്ത്യ ലോക്ക്ഡൗൺ’ എന്നിവയും കാണാം.മേളയുടെ ഭാഗമായി ഇക്കുറി ഗോവയിലുടനീളം കാരവനുകളിൽ സിനിമാ പ്രദർശനമുണ്ടാകും. കടൽത്തീരത്തെ വേദിയിലും ചലച്ചിത്രപ്രദർശനമുണ്ട്.