
സ്വന്തം ലേഖകന്‍
കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ കോട്ടയം നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഹോട്ടലും ഗാന്ധി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന യൂണിറ്റും അടച്ച് പൂട്ടാന്‍ നഗരസഭാ ആരോഗ്യ വിഭാഗം നോട്ടീസ് നല്കി. കോട്ടയം നഗരസഭാ ഹെല്‍ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എബി കുന്നേപ്പറമ്പില്‍, ഹെല്‍ത് സൂപ്പര്‍വൈസര്‍ സാനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്.
കോട്ടയം കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുനില്‍കുമാര്‍ (48), ഭാര്യ സന്ധ്യ (42), സഹോദര പുത്രന് കാശിനാഥ് എം നായര്‍ (7), 30 വയസുള്ള യുവതി, ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്നും പാഴ്സല്‍ ഭക്ഷണം കഴിച്ചതിനു തൊട്ടുപിന്നാലെ ഭക്ഷ്യവിഷ ബാധയേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ചയാണ് സുനില്‍കുമാര്‍ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങിയത്. തുടര്‍ന്നു വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ചു കിടന്ന മൂവര്‍ക്കും രാവിലെ എഴുന്നേറ്റപ്പോള്‍ മുതലാണ് ആസ്വസ്ഥതകള്‍ തുടങ്ങിയത്. വയറിളക്കവും ഛര്‍ദിയും ഗുരുതരമായതോടെ ഇവര്‍ കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടി.
സുനിലും കുടുംബവും ചികിത്സയില്‍ കഴിയുന്നതിനിടെ തന്നെയാണ് മുപ്പത് വയസുള്ള യുവതിയും മൂന്ന് വയസുള്ള കുഞ്ഞും കിംസില്‍ തന്നെ ചികിത്സ തേടി എത്തിയത്. ഒരേ സമയം രണ്ടു കുടുംബം ഇവിടെ എത്തിച്ചതോടെ ആശുപത്രി അധികൃതര്‍ സമയോചിതമായി തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു. യുവതിയും കുഞ്ഞും ഇതേ ഹോട്ടലില്‍ നിന്ന് തന്നെ പാഴ്സല്‍ വാങ്ങി കഴിച്ചതാണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുന്നത്.
അതേസമയം, നഗരസഭാ പരിധിയിലുള്ള ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനമെടുത്തു.