തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; നാളെ നടതുറക്കും; സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി; പമ്പയിലും നിലയ്ക്കലിലും ഇന്ന് പൂര്‍ത്തിയാകും

Spread the love

സ്വന്തം ലേഖിക

പമ്പ: കോവിഡിനു ശേഷം പൂര്‍ണതോതില്‍ ആരംഭിക്കുന്ന ശബരിമല തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു.

അവസാന ഒരുക്കവും പൂര്‍ത്തിയാക്കി ചൊവ്വയോടെ സന്നിധാനം തീര്‍ഥാടനത്തിന് പൂര്‍ണ സജ്ജമാകും. നാളെ വൈകിട്ടാണ് നട തുറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുൻപേ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗവും ദേവസ്വം മന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തില്‍ നിരവധി അവലോകന യോഗങ്ങളും നടത്തി.

പ്രളയം തകര്‍ത്ത പമ്പയിലെയും തീര്‍ഥാടന വഴികളിലെയും തടസ്സങ്ങള്‍ പൂര്‍ണമായും നീക്കി. സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി. പമ്പയിലും നിലയ്ക്കലിലും ഇന്നതോടെ പൂര്‍ത്തിയാകും.

മരക്കൂട്ടത്ത് സ്ഥിരം ടോയ്ലെറ്റ് ബ്ലോക്ക് നിര്‍മിച്ചു. വലിയ നടപ്പന്തല്‍ മിനുക്കി. അന്നദാന കൗണ്ടറുകള്‍ മോടിപിടിപ്പിച്ച്‌ കെട്ടിടങ്ങളുടെ പെയിന്റിങ്ങും കഴിഞ്ഞു.

നീലിമല, അപ്പാച്ചിമേട്, ശരംകുത്തിവരെയുള്ള പരമ്പരാഗത പാതയില്‍ കല്ലുപാകി. ഞുണങ്ങാറിനു കുറുകെയുള്ള പാലത്തിന്റെ പണിയും പൂര്‍ത്തിയാക്കി.

രാമപൂര്‍ത്തി മണ്ഡപത്തില്‍ പന്തലും നിര്‍മിച്ചു. പമ്പാതീരത്തെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കി.

പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏര്‍പ്പെടുത്തി. കെഎസ്‌ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ–- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.

സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.