പുലിക്ക് പിന്നാലെ കാട്ടാനയും….! മുണ്ടക്കയത്തെ മലയോര മേഖലയിൽ കാട്ടുകൊമ്പന്മാരുടെ ചിന്നംവിളി; വന്യമൃഗശല്യം വര്‍ദ്ധിച്ചതോടെ പുറത്തിറങ്ങാനാകാതെ ജനം ഭീതിയിൽ; ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമെന്ന് തൊഴിലാളികള്‍
സ്വന്തം ലേഖിക
മുണ്ടക്കയം: ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വന്യമൃഗശല്യം വര്‍ദ്ധിക്കുമ്പോള്‍ ജനം പുറത്തിറങ്ങാനാകാതെ
ഭീതിയിലാണ്.
ഇന്നലെ പുലര്‍ച്ചെ എസ്റ്റേറ്റിലെ ഇ ഡി കെ ഡിവിഷനിലാണ് 14 ഓളം ആനകള്‍ കൂട്ടമായി എത്തിയത്. ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പടക്കം പൊട്ടിച്ചും ബഹളംവച്ചും നാട്ടുകാര്‍ കൂടിയെങ്കിലും കാട്ടാന പിന്മാറാതെ നിലയുറപ്പിച്ചിരിക്കുകയാണ്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം നടത്തുകയായിരുന്നു.
എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് 10 മീറ്റര്‍ അകലെയാണ് ആനക്കൂട്ടം. ഇതോടെ തൊഴിലാളികള്‍ വീട് വിട്ട് റോഡിലാണ് കൂട്ടമായി കഴിയുന്നത്.
ഇതിനിടെ ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന ഉപദേശവുമായി വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകര്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുൻപ് മതമ്പ ഭാഗത്തിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.
ആനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരവുമായി ഇറങ്ങിയെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയ മഹാസഭയുടെ പ്രക്ഷോഭവും തുടരുകയാണ്.
കാട്ടാനക്കൂട്ടം വനാതിര്‍ത്തി മേഖലയില്‍ വിഹരിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി. 2019 ഡിസംബറില്‍ ശബരിമല വനത്തിന്റെ ഭാഗമായ കൊമ്പുകുത്തിയിലും പിന്നീട് പനക്കച്ചിറ വനം ഭാഗം, കടമാന്‍കുളം, മതമ്പ എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം.
എസ്റ്റേറ്റിലെ തൊഴിലാളികള്‍ പുലര്‍ച്ചെ തന്നെ ടാപ്പിംഗിന് ഇറങ്ങും. ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു.