“ആരുടെയെങ്കിലും ഫോണ്‍ പോയാല്‍ വിളിക്കാം, കണ്ടുപിടിക്കാന്‍ സഹായിക്കുമല്ലോ….?” പൊലീസ് കൈമലര്‍ത്തിയപ്പോള്‍ കോട്ടയംകാരായ അഞ്ച് കൂട്ടുകാര്‍ നടത്തിയ ഓപ്പറേഷന് സ്മാര്‍ട്ട് ഫോണ്‍ സംഭവബഹുലം; മോഷണം പോയ ഫോണ്‍ കണ്ടെത്തിയത് മണിക്കൂറുകള്‍ക്കുള്ളില്‍; ഗൂഗിള്‍ ആപ് വഴി കള്ളന്റെ ഒളിയിടത്തില്‍ എത്തിയപ്പോള്‍ കിട്ടിയത് ഏഴ് ഫോണുകള്‍…..!
സ്വന്തം ലേഖിക
കോട്ടയം: പൊലീസ് കൈമലര്‍ത്തിയതോടെ നഷ്ടപ്പെട്ട ഫോണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കൈയടി നേടി അഞ്ച് ചെറുപ്പക്കാര്‍.
മുപ്പതിനായിരം രൂപയുടെ ഫോണ്‍ ആണ് മോഷണം പോയത്. കോട്ടയം നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുല്‍ രാജേഷ്, അമല്‍ സാം വര്‍ഗീസ്, നെവിന് ടി. സക്കറിയ, അഖില്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഈ ഓപ്പറേഷന് സ്മാര്‍ട്ട് ഫോണ്‍ സംഭവബഹുലം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനയക്കഴിപ്പ് തലവന്നാട്ട് ഇല്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോണ്‍ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തുകയും വീട്ടുകാരനായ പരമേശ്വരന് നമ്പൂതിരിയുടെ കണ്ണുവെട്ടിച്ച് ഉമ്മറത്തിരുന്ന ഫോണുമായി മുങ്ങുകയുമായിരുന്നു.
മരുമക്കളായ സൂര്യലത, വിജയകുമാര്‍, ചെറുമകന് ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് സൈബര്‍ സെല്ലിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും പൊലീസ് ഴെിഞ്ഞു മാറി.
പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസ്സിലാക്കിയതോടെ യുവാക്കള്‍ സ്വന്തം നിലയില്‍ ഫോണ്‍ അന്വേഷണം ഏറ്റെടുത്തു.
നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടര്‍ച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോണ്‍ ഓണ്‍ ചെയ്തതായി മനസ്സിലായി. തുടര്‍ന്ന് ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച് ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തി.
കുറിച്ചിയില്‍ ഫോണ്‍ ഉണ്ടെന്ന് മനസ്സിലായതോടെ സൈബര്‍ സെല്ലിനെ വിവരം അറിയിച്ചു. എന്നാല്‍ നിങ്ങള്‍ തന്നെ അന്വേഷിക്കൂ എന്നായിരുന്നു യുവാക്കള്‍ക്ക് ലഭിച്ച പ്രതികരണം. തുടര്‍ന്ന് ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയില്‍ ഫോണ്‍ ഇരിക്കുന്ന സ്ഥലത്തെത്തി.
പ്രദേശം കഞ്ചാവടിക്കാരുടെ താവളമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ പരിചയക്കാരനും പ്രദേശവാസിയുമായ റിട്ട. എസ്.ഐ കെ.കെ. റെജി സഹായിക്കാനെത്തി. എല്ലാവരും ചേര്‍ന്ന് കഞ്ചാവ് സംഘത്തിന്റെ താവളത്തിലെത്തി.
ഫൈന്‍ഡ് മൈ ഡിവൈസില്‍ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു. ഗോഡൗണുകള്‍ക്കു സമീപം കാട്ടിനുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോണ്‍ വച്ചിരിക്കുന്നതെന്ന് മനസിലായി. ചിങ്ങവനം പോലീസിനെ ഉടന്‍ വിവരമറിയിച്ചു. എത്താമെന്ന് അറിയിച്ചെങ്കിലും കൃത്യസമയത്ത് പോലീസ് എത്തിയില്ല.
ഒടുവില്‍ രണ്ടും കല്പിച്ച് തിരഞ്ഞപ്പോള്‍ കിട്ടിയത് നഷ്ടപ്പെട്ട തങ്ങളുടെ ഫോണടക്കം ഏഴ് ഫോണുകള്‍.! രാത്രി പത്തുമണിയോടെ ചിങ്ങവനം സ്റ്റേഷനില്‍നിന്ന് പട്രോളിങ് വണ്ടിയെത്തി. ഫോണുകള്‍ അവര്‍ക്ക് കൈമാറി.
എസ്.ഐ യുടെ മുന്നില്‍വെച്ച് ഫോണ്‍ വാങ്ങണമെന്ന ചട്ടമുള്ളതിനാല്‍ കൈയില്‍ കിട്ടാന്‍ ഒരുദിവസംകൂടി കാത്തിരിക്കേണ്ടിവന്നു.
ഫോണില്‍ സ്വിച്ച് ഓഫ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സാംസങ്ങിന്റെ അസിസ്റ്റന്റ് ആപ്പ് ആയ ബിക്സ്ബി തുറക്കാനുള്ള ഓപ്ഷന് ഓണ്‍ ആയതാണ് ഇവിടെ അനുഗ്രഹമായത്.
ഇതുകാരണം കള്ളന് ഓഫ് ബട്ടണ്‍ ഞെക്കി ഫോണ്‍ ഒളിപ്പിച്ചെങ്കിലും ഓഫ് ആയിരുന്നില്ല. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഫൈന്‍ഡ് മൈ ഡിവൈസ് സേവനത്തില്‍ കയറി, കാണാതായ ഫോണിന്റെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തു. അതിലൂടെയാണ് വിവരങ്ങള്‍ അറിയാനും നിയന്ത്രിക്കാനും സാധിച്ചത്.
ഫോണുമായി തിരിച്ചു പോകുന്നതിനു മുന്‍പ് ഗോവിന്ദിന്റെയും കൂട്ടുകാരുടെയും നമ്പര്‍ വാങ്ങാന്‍ പൊലീസുകാര്‍ മറന്നില്ല. “ആരുടെയെങ്കിലും ഫോണ്‍ പോയാല്‍ വിളിക്കാം, കണ്ടുപിടിക്കാന്‍ സഹായിക്കുമല്ലോ.?”
എന്നാണ് ആ മിടുക്കന്മാരോട് പൊലീസ് തന്നെ ചോദിച്ചത്.