കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പ്: സെൻട്രൽ ജംഗ്്ഷനിലെ ജുവലറിയിലെ സാധനങ്ങളുടെ ലേലം തുടങ്ങി; ആദ്യ ലേലത്തിൽ ലഭിച്ചത് അരലക്ഷത്തിൽ താഴെ രൂപ മാത്രം; വീണ്ടും നടത്താൻ നിർദേശിച്ച് കോടതി; ജനുവരി 31 ന് യോഗം വിളിച്ച് ആക്ഷൻ കൗൺസിൽ; സമരം വീണ്ടും ശക്തമാക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: സാധാരണക്കാരായ നിരവധി നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത് മുങ്ങിയ കുന്നത്ത് കളത്തിൽ ജുവലറി ഗ്രൂപ്പിന്റെ സെൻട്രൽ ജംഗ്ഷനിലെ ജുവലറിയിലെ സാധനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ കോട്ടയം സബ് കോടതി ആരംഭിച്ചു. ജുവലറി ഒഴിപ്പിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ ജംഗ്ഷനിലെ കെട്ടിട ഉടമ കോടതിയെ സമീപിച്ചതോടെയാണ് കേസിൽ ഏറെ നിർണ്ണായകമായ നീക്കം നടന്നത്. ഇതോടെ കേസ് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്ന് ഉറപ്പായി. ജുവലറി പൂട്ടി ആറു മാസം കഴിഞ്ഞിട്ടും തങ്ങളുടെ പണം എന്ന് തിരികെ ലഭിക്കുമെന്ന് ഉറപ്പില്ലാതെ ആശങ്കയിലായ നിക്ഷേപകർ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. തുടർ സമരപരിപാടികൾ ആലോചിക്കുന്നതിനായി കുന്നത്ത് കളത്തിൽ നിക്ഷേപകർ ജനുവരി 31 ന് വീണ്ടും യോഗം ചേരും. ഇതിനു ശേഷമാവും തുടർ സമര പദ്ധതികൾ ആലോചിക്കുക.
കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പിന്റെ സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിന്റെ വാടക കഴിഞ്ഞ ആറുമാസമായി കുടിശിക ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെട്ടിടം നഗരമധ്യത്തിൽ തന്നെ വരുമാനമില്ലാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെട്ടിടം ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ഇയാൾക്ക് അനുകൂലമായി ഉത്തരവ് പ്രകടിപ്പിച്ചത്.
നിലവിൽ കെട്ടിടത്തിനുള്ളിലുള്ള സ്വർണ്ണം ഒഴികെയുള്ള വസ്തുക്കൾ ലേലം ചെയ്ത് വിൽക്കുന്നതിനായിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് ഇവിടെയുണ്ടായിരുന്ന ഫാൻ, ജെനറേറ്റർ, മറ്റ് ഉപകരണങ്ങൾ എന്നിവ ലേലം ചെയ്യുകയായിരുന്നു. ആദ്യത്തെ ലേലത്തിൽ അര ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. തുടർന്ന് ലേലം റദ്ദ് ചെയ്യാനും വീണ്ടും നടത്താനും കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ലേലം നടത്താൻ റിസീവർ തീരുമാനിക്കുകയായിരുന്നു. രണ്ടാം ലേലത്തിൽ വില കൂടുതൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലം നടത്തി ലഭിക്കുന്ന തുക ട്രഷറിയിൽ നിക്ഷേപിക്കും. തുടർന്നാവും അടുത്ത നടപടികളിലേയ്ക്ക് കോടതി കടക്കുക.
ഇതിനിടെ കേസ് അന്വേഷണവും കോടതി നടപടികളും എങ്ങും എത്താത്ത് നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ നടപടികൾ വൈകുന്നത് ഏത് രീതിയിൽ തങ്ങളെ ബാധിക്കും എന്നാണ് ഇവർ ഉറ്റു നോക്കുന്നത്. കുന്നത്ത്കളത്തിൽ സ്ഥാപന ഉടമയായിരുന്ന വിശ്വനാഥൻ, ഭാര്യ രമണി, രണ്ട് മക്കളും മരുമക്കളും എന്നിവരായിരുന്നു കേസിലെ പ്രതികൾ. കഴിഞ്ഞ ജൂണിലാണ് ഇവർ കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചത്. പൊലീസ് അറസ്റ്റിലായതിനെ തുടർന്ന് ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ വിശ്വനാഥൻ കഴിഞ്ഞ നവംബർ മൂന്നിന് ജാമ്യത്തിലിറങ്ങി. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതും, വിശ്വനാഥന്റെ മരണവും അടക്കമുള്ള വാർത്തകൾ ആദ്യം പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു.