
സ്വന്തം ലേഖിക
ഹരിപ്പാട്: മത്സ്യബന്ധന വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അഴീക്കല്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം വള്ളത്തിലെ തൊഴിലാളിയായ അഴീക്കല്‍ വലിയ വീട്ടില്‍ നമശിവായം മകന്‍ സാലി വാഹനനെയാണ് (കണ്ണന്‍ – 57) കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലര്‍ച്ചെ 5.45 ന് തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന് ആറ് നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. മകരമത്സ്യം വെള്ളത്തിന്റെ മുക്കുംപുഴ എന്നു പേരുള്ള കരിയര്‍ വള്ളത്തിലായിരുന്നു സാലി വാഹനന്‍.
ഈ വെള്ളത്തിലേക്ക് തൃക്കുന്നപ്പുഴ സ്വദേശിയുടെ ധര്‍മ്മശാസ്താവ് എന്ന ലൈലൻ്റ് വള്ളം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പ് തെറിച്ച് തലക്ക് വന്നടിച്ചതിനെ തുടര്‍ന്ന് കടലിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മകരമത്സ്യം എന്ന് പേരുള്ള രണ്ടാമത്തെ കരിയര്‍ വള്ളത്തിലും ധര്‍മശാസ്താവ് വള്ളം ഇടിച്ചു. കാരിയര്‍ വെള്ളത്തിലെ തൊഴിലാളികളും അഴീക്കല്‍ സ്വദേശികളുമായ സുബ്രഹ്മണ്യന്‍ (50) ജാക്സണ്‍ (41) ഔസേപ്പ് (58) എന്നിവര്‍ക്ക് പരിക്കേറ്റു .
ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസും നാവികസേനയും ചേര്‍ന്ന് ഇന്ന് വൈകുന്നേരം ആറു വരെ കണ്ണനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.