play-sharp-fill
കെ.എം ഷാജിയ്ക്ക് പിന്നാലെ കാരാട്ട് റസാഖും; എൽഡിഎഫിലും തിരഞ്ഞെടുപ്പ് റദ്ദാക്കൽ; കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഹൈക്കോടതി

കെ.എം ഷാജിയ്ക്ക് പിന്നാലെ കാരാട്ട് റസാഖും; എൽഡിഎഫിലും തിരഞ്ഞെടുപ്പ് റദ്ദാക്കൽ; കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയപ്പോൾ കയ്യടിച്ച സിപിഎമ്മുകാർക്ക് വൻ തിരിച്ചടി. കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാർത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
അഴീക്കോട് മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തി കെ.എം ഷാജി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന ഇടത് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.ഈ കേസിൽ സുപ്രീം കോടതിയിൽ നിന്നും സ്റ്റേ നേടിയ ഷാജി നിയമസഭാ നടപടികളിൽ പങ്കാളിയാകുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ കാരാട്ട് റസാഖ് എം എൽ എ അരോപണ വിധേയനായിരുന്നു.
എതിര്‍സ്ഥാനാര്‍ത്തിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു വിജയം നേടിയെടുത്തിട്ടില്ലെന്നും കാരാട്ട് റസാഖ്. എം എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയതിന് കൊടുവള്ളി എംഎല്‍എ  കാരാട്ട് അബ്ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കുകായിരുന്നു അദ്ദേഹം. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. 

സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സമയം അനുവദിച്ചതില്‍ സന്തോഷമുണ്ട്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനവിധി തനിക്ക് അനുകൂലമായിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായുള്ള ഒരു പരാതിയും പ്രവര്‍ത്തനവുമാണ് നടന്നത്. അതുസംബന്ധിച്ച വ്യക്തമായ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കാരാട്ട് റസാഖ് പറഞ്ഞു. 

അതേസമയം ഹൈക്കോടതി വിധ് മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. എം എ റസാഖിനെ വ്യക്തിപരമായ തേജോവധം ചെയ്ത് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. സുപ്രീംകോടതിയില്‍ പോകാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് എ കെ മുനീര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന കേസില്‍ ഉള്‍പ്പെട്ട അഴീക്കോട് എം എല്‍ എ കെ എം ഷാജി നിയമസഭയില്‍ വരുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ വിഷയത്തിലെ സ്പീക്കറുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും എ കെ മുനീര്‍ പറഞ്ഞു.