കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം; കുഞ്ഞിനും കുടുംബത്തിനും നിയമസഹായമുള്‍പ്പെടെയുള്ള പിന്തുണ നല്‍കും; കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിയോട് കാട്ടിയത് ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ സംഭവമാണെന്ന് പറഞ്ഞ മന്ത്രി കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് ഇന്ന് രാവിലെയാണ് മുഹമ്മദ് ഷിനാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശ്ശേരി എഎസ്പി നിഥിന്‍ രാജിന്റെ നേതൃത്യത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് പൊലീസ് അലംഭാവം വെടിഞ്ഞ് നടപടി എടുത്തത്. സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.