കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് കസ്റ്റഡിയിൽ…സമാനതയില്ലാത്ത ക്രൂരത ചെയ്തയാൾക്കെതിരെ ആദ്യം കേസെടുക്കാതെ പോലീസ്,നാട്ടുകാരിടപെട്ടതോടെ മനംമാറ്റം…
നിർത്തിയിട്ട കാറിൽ ചാരി നിന്നതിന് തലശ്ശേരിയിൽ ആറു വയസ്സുകാരന് ക്രൂരമർദനമേറ്റു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ക്രൂര മർദനം നടത്തിയത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ ഗണേഷിനാണ് മർദനമേറ്റത്. കുട്ടിയെ ഇയാൾ ചവിട്ടിത്തെറിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മണവാട്ടി ജങ്ഷന് അടുത്താണ് സംഭവം ഉണ്ടായത്. യുവാവ് കാറിലെത്തി റോഡരികിൽ നിർത്തിയിട്ട് സമീപത്തെ ടെക്സ്റ്റൈൽസിൽ പോയി വന്നപ്പോൾ കാറിൽ ചാരി നിൽക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഇതോടെ ഇയാൾ ശക്തമായി കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും റോഡിലൂടെ യാത്ര ചെയ്തവരും എത്തി ഇയാളെ ചോദ്യം ചെയ്തു. ഈ സമയം പൊലീസ് ഇവിടെ എത്തുകയും ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തിട്ടും കേസെടുക്കാൻ തയാറായില്ല. ഇയാളെ സ്റ്റേഷനിൽനിന്ന് പറഞ്ഞുവിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ ഇന്ന് രാവിലെ പൊലീസ് യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.
സംഭവമറിഞ്ഞ് എത്തിയവർ പരിക്കേറ്റ കുട്ടിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.