
ഗുജറാത്ത് ഗോദയിലേക്ക്..! തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ഗുജറാത്ത്; ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും; വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന്; മോദിയെ പ്രതിരോധത്തിലാക്കി മോര്‍ബി തൂക്കുപാല ദുരന്തം
സ്വന്തം ലേഖകന്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍ 1നും രണ്ടാംഘട്ടം ഡിസംബര്‍ 5നുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 8ന് നടക്കും. അന്ന് തന്നെയാണ് ഹിമാചലിലും വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ചത് വന്‍ രാഷ്ട്രീയ വിവാദമായിരിക്കെയാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കും. 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. 3,24,420 കന്നിവോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകള്‍. 2017ലെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാര്‍ട്ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു. തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പലപ്പോഴായി ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവില്‍ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 62 സീറ്റുകളും മറ്റുള്ളവര്‍ക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഗുജറാത്തിലും വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടി സൃഷ്ടിക്കുന്ന വെല്ലുവിളിയും ബിജെപിക്കു മുന്നിലുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ പ്രപകടനം പുറത്തെടുത്ത കോണ്‍ഗ്രസും ഇത്തവണ പ്രതീക്ഷയിലാണ്. സമീപകാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതെങ്കിലും, ബിജെപി അധികാരം നിലനിര്‍ത്തുകയായിരുന്നു.