കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയിൽ ശരണംവിളിയുമായി പ്രതിഷേധക്കാർ: ഒറ്റവാക്കിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ; പ്രതിഷേധവും ബഹളവും മുഖ്യമന്ത്രിയുടെ ചൂണ്ടുവിരലിൽ വിറച്ചു നിന്നു; കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു; പ്രധാനമന്ത്രി പോയതിനു പിന്നാലെ റോഡ് ഷോയുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷ പ്രസംഗത്തിനിടെ ശരണം വിളിച്ചവർക്ക് ഞെട്ടിക്കുന്ന മറുപടിയുമായി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തകർപ്പൻ മറുപടിയിൽ ഞെട്ടിയ പ്രതിഷേധക്കാർ മുദ്രാവാക്യവും ശരണം വിളിയും അവസാനിപ്പിച്ച് വേദിയിൽ ഇരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബൈപ്പാസിലൂടെ റോഡ് ഷോ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മടങ്ങിയത്.
മന്ത്രി ജി.സുധാകരൻ സ്വാഗതം ആശംസിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കാൻ കയറിയപ്പോൾ മുതൽ വേദിയിൽ നിന്നും വൻ ബഹളവും ശരണം വിളിയും മുഴങ്ങി. രണ്ട് തവണ പിണറായി വിജയന്റെ പ്രസംഗം മുടങ്ങുകയും ചെയ്തു. ഇതേ തുടർന്ന് ക്ഷുഭിതനായ പിണറായി വിജയൻ, ഇത് എന്തും കാണിക്കാനുള്ള വേദിയല്ല. ബഹളം വയ്ക്കാനല്ല ഈ വേദി ഉപയോഗിക്കേണ്ടതെന്നും. മാന്യമായ രീതിയിൽ വേദിയിൽ വേദിയിൽ ഇരിക്കണമെന്നും മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. ഇതോടെയാണ് പ്രശ്നം അവസാനിപ്പിച്ച് ബഹളക്കാർ വേദിയിൽ ഇരുന്നത്.
പ്രധാനമന്ത്രി വേദിയിൽ നിന്നും വിട്ടതിനു പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ബൈപ്പാസിലൂടെ റോഡ് ഷോയും നടത്തി. മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.
തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിൻറെ ടെക്നിക്കൽ ഏരിയയിൽ വൈകിട്ട് നാല് മണിയോടെ വിമാനമിറങ്ങിയ മോദി ഇവിടെ നിന്നും ഹെലികോപ്ടർ മാർഗ്ഗത്തിലാണ് കൊല്ലത്ത് എത്തിയത്.
ബൈപ്പാസ് പൂർത്തീകരിച്ചത് സംസ്ഥാന സർക്കാരിൻറെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ്. ചില പദ്ധതികൾ 30 വർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
അതേസമയം മുംബൈ- കന്യാകുമാരി കോറിഡോർ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നൽകി. കേരളത്തിൻറെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജ സുധാകരനും സംസാരിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും. കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.