
സ്വന്തം ലേഖിക
കോട്ടയം: ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷൻ ‘യെല്ലോ’ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ അനർഹഹമായി കൈവശം വെച്ചിരിക്കുന്ന 300 മുൻഗണന റേഷൻകാർഡുകൾ പിടിച്ചെടുത്തു.
ഇത്തരത്തിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരിൽ നിന്ന് 35860 രൂപ പിഴയായി ഈടാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഇതുവരെ 314 പരാതികളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ 300 അനർഹ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പൊതുവിഭാഗത്തിലേക്ക് തരംമാറ്റി നൽകി.
അതേസമയം, അനർഹമായി മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ച് സബ്‌സിഡി റേഷൻ സാധനങ്ങൾ വാങ്ങുന്നവർക്കെതിരേയുള്ള നടപടി കർശനമാക്കിയെന്ന് വൈക്കം താലൂക്ക്സപ്ലൈ ഓഫീസർ അറിയിച്ചു.
സെപ്റ്റംബർ മാസത്തിൽ 45-മുൻഗണനാ റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.
ഈ ഇനത്തിൽ 43331 രൂപ പിഴ ഈടാക്കി.
തുടർന്നും പരിശോധന കർശനമായി തുടരുമെന്നും നടപടികൾ സ്വീകരിക്കുമെന്നും വൈക്കം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.