ലീഡറിന്റെ പ്രിയ ശിഷ്യൻ ആലത്തൂരിൽ സ്ഥാനാർത്ഥിയാകും
സ്വന്തം ലേഖകൻ
പാലക്കാട് : ആലത്തൂർ മണ്ഡലത്തിൽ ലീഡറിന്റെ പ്രിയ ശിഷ്യൻ സ്ഥാനാർത്ഥിയാകും.ആലത്തൂർ പിടിച്ചെടുക്കാൻ ഇത്തവണ ജനപ്രിയ താരത്തെ തന്നെ രംഗത്തിറക്കാനൊരുങ്ങി കോൺഗ്രസ്. കേരളത്തിലെ സ്‌പോർട്‌സ് പ്രേമികളുടെ ഫുട്‌ബോൾ ഇതിഹാസമായ കറുത്ത മുത്ത് ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമായി . കെ ആർ നാരായണനുശേഷം സിപിഎം കൈക്കലാക്കിയ ഈ മണ്ഡലം ഇത്തവണ ഐ എം വിജയനെ മത്സരിപ്പിച്ചു തിരിച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം.
കോൺഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിയപ്പോഴൊക്കെ ആലത്തൂരിൽ ( പഴയ ഒറ്റപ്പാലം ) പരാജയമായിരുന്നു ഫലം. അതേസമയം കെ ആർ നാരായണനെപ്പോലുള്ള പ്രതിഭകളെ പരീക്ഷിച്ചപ്പോൾ മണ്ഡലം കോൺഗ്രസിനെ തുണച്ചു. സ്ഥലം എംപിയെ കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമാക്കിയായിരുന്നു കോൺഗ്രസ് ഒറ്റപ്പാലത്തോട് കടപ്പാട് തീർത്തത്. എന്നാൽ കെ ആർ നാരായണന് ശേഷം എസ് ശിവരാമനിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു. പിന്നെ എസ് അജയകുമാറും ഒടുവിൽ കഴിഞ്ഞ 2 തവണയായി പികെ ബിജുവുമാണ് ആലത്തൂരിന്റെ നായകർ .
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇത്തവണ ആലത്തൂർ തിരിച്ചുപിടിക്കും എന്ന വാശിയിലാണ് കോൺഗ്രസ്. പാലക്കാട് ഡി സി സി ഇത്തവണ ജില്ലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ഐ എം വിജയനെ രംഗത്തിറക്കിയാൽ അത് പിന്നോക്കക്കാരിൽ മാത്രമല്ല രാഷ്ട്രീയത്തിന് അതീതമായി യുവത്വത്തെ ഒപ്പം നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കോൺഗ്രസുമായി ആത്മബന്ധമുള്ള താരമാണ് ഐ എം വിജയൻ.ലീഡർ കെ കരുണാകരനാണ് ഐ എം വിജയനെ എറണാകുളത്ത് പദ്മജയുടെ വീട്ടിൽ വിളിച്ചുവരുത്തി ഒപ്പമിരുത്തി സൽക്കരിക്കുകയും പാർട്ടി മെമ്പർഷിപ്പ് കൈമാറുകയും ചെയ്തത്. വിദ്യാഭ്യാസ യോഗ്യത തടസമായിട്ടും കേരളാ ടീം ക്യാപ്റ്റനായിരുന്ന വിജയനെ പോലീസിൽ എസ് ഐ പോസ്റ്റിൽ നിയമിച്ചതും കരുണാകരൻ സ്‌പെഷ്യൽ ഓർഡർ ഇറക്കിയാണ്.
പിൽക്കാലത്ത് ആത്മസുഹൃത്ത് കലാഭവൻ മണി വിജയനെ ഇടത് പാളയത്തിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയൻ മണിയുടെ ആ നിർബന്ധം മാത്രം സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു. അതിനാൽ തന്നെ കോൺഗ്രസിന് വിജയന്റെ കാര്യത്തിൽ പ്രത്യേക താല്പര്യമുണ്ട്. പാലക്കാട് ഡി സി സിയ്ക്കും ഐ എം വിജയന്റെ കാര്യത്തിൽ അനുകൂല നിലപാടാണ്. തൃശൂർ ഡിസിസിയ്ക്ക് വിജയന്റെ കാര്യത്തിൽ മുൻപേ താല്പര്യങ്ങൾ ഉള്ളവരായിരുന്നു. അതിനാൽ തന്നെ മണ്ഡലത്തിൽ പാർട്ടിയുടെ പൂർണ്ണ പിന്തുണയാണ് വിജയനുള്ളത്.