കിഴക്കേനട വഴിയിലൂടെ പ്രധാനമന്ത്രി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചൊവ്വാഴ്ച കിഴക്കേനട വഴിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വടക്കേനട വഴി ഉള്ളിൽ കടക്കാ നായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്. കിഴക്കേനടയിലെ അധിക സൗകര്യവും സുരക്ഷാക്രമീകരണവും മൂലമാണ് ദർശനരീതി മാറ്റിയത്. ദേശീയ സുരക്ഷാ ഏജൻസിയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്തയോഗം ഞായറാഴ്ച ക്ഷേത്രത്തിൽ ചേർന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് ക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി 7.40 വരെ ക്ഷേത്രത്തിൽ സമയം ചെലവഴിക്കും . കിഴക്കേനടയിൽ സ്വദേശി ദർശൻ പദ്ധതിയുടെ ശിലാഫലകം അദ്ദേഹം അനാവരണം ചെയ്യും. നവീകരിച്ച പദ്മതീർഥക്കുളവും പ്രധാനമന്ത്രി വീക്ഷിക്കും. കൊടിമരത്തിന് സമീപത്തുകൂടി ബലിക്കൽപ്പുരയിലേക്ക് കടക്കുന്ന പ്രധാനമന്ത്രി ആദ്യം ഹനുമാൻ സ്വാമിയെയും തുടർന്ന് തെക്കേടത്ത് നരസിംഹമൂർത്തിയെയും വണങ്ങും. ഒറ്റക്കൽമണ്ഡപത്തിൽ കയറി അനന്തശയനമൂർത്തിയെ വണങ്ങുന്ന പ്രധാനമന്ത്രി ശ്രീപാദംനടയിലൂടെ പുറത്തുകടന്ന് തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെ ദർശിക്കും. തുടർന്ന് വടക്കേശ്രീവേലിപ്പുരയിലെത്തി അഗ്രശാല ഗണപതിയെ വണങ്ങിയ ശേഷം കിഴക്കേഗോപുരത്തിലൂടെ പുറത്തുകടക്കുന്ന വിധമാണ് ദർശനം ക്രമീകരിച്ചിരിക്കുന്നത്.