video
play-sharp-fill
പൊലീസുകാരെ വെട്ടിച്ച് പ്രതി കടന്നത് കക്കൂസ് വഴി;  വിലങ്ങും ധരിച്ച്‌ മുങ്ങിനടന്നത് ആറ് ദിവസം;  ഒടുവില്‍ സംഭവിച്ചത്….!

പൊലീസുകാരെ വെട്ടിച്ച് പ്രതി കടന്നത് കക്കൂസ് വഴി; വിലങ്ങും ധരിച്ച്‌ മുങ്ങിനടന്നത് ആറ് ദിവസം; ഒടുവില്‍ സംഭവിച്ചത്….!

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ പൊലീസിനെ വെട്ടിച്ച്‌ കക്കൂസിന്റെ വെന്റിലേറ്റര്‍ പൊളിച്ച്‌ രക്ഷപ്പെട്ട പ്രതി പിടിയിൽ.

അടിപിടിക്കേസിലെ പ്രതി പുന്നമട സ്വദേശി ശ്യാം (29) ആറാം ദിവസം കോടതിയില്‍ കീഴടങ്ങാനത്തെവേ പൊലീസിനെ കണ്ട് ഓടുന്നതിനിടെ പിടിയിലായത്. ഇന്നലെ രാവിലെ ജില്ലാ കോടതി പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 14നാണ് ശ്യാം ജനറല്‍ ആശുപത്രിയില്‍ നിന്ന് കടന്നത്. ഇയാള്‍ ഇന്നലെയാണ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. എന്നാല്‍ കോടതി പരിസരത്തെ വന്‍ പൊലീസ് സന്നാഹം കണ്ടതോടെ വഴിയരികിലിരുന്ന ബൈക്കിലെ ഹെല്‍മറ്റ് ധരിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് പിന്നാലെ പാഞ്ഞപ്പോള്‍ കോടതിക്ക് എതിര്‍വശത്തെ സപ്ലൈകോ കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി. എങ്ങോട്ടു പോയെന്നറിയാതെ പൊലീസുകാര്‍ നില്‍ക്കവേ കെട്ടിടത്തിന് മുകളില്‍ നിന്ന് അവരുടെ മുന്നിലേക്കുതന്നെ ചാടിവീണ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

കൈയില്‍ വിലങ്ങ് ധരിച്ചാണ് ആറ് ദിവസവും മുങ്ങിനടന്നത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണത്തിന് തടസമായി. മണ്ണഞ്ചേരി വരെ പ്രതി എത്തിയിട്ടുള്ളതായി സി.സി.ടി.വി കാമറകളില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ശേഷം കൃത്യമായ സൂചനകളൊന്നും കിട്ടിയില്ല.

നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ശ്യാം ജില്ല വിട്ട് ഒളിവില്‍ പോയിട്ടുള്ളതിനാല്‍ ഈ വഴിക്കും അന്വേഷണം നടത്തിയിരുന്നു. കോടതി പരിസരത്ത് നിന്ന് നോര്‍ത്ത് പൊലീസ് പിടികൂടിയ പ്രതിയെ സൗത്ത് പൊലീസിന് കൈമാറി. കഴിഞ്ഞ ആഴ്ച പിടിയിലായ അടിപിടി കേസും പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ കേസും ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.