ഇങ്ങനെയൊക്കെ ചെയ്യാമോ സാമൂഹ്യ ദ്രോഹികളേ ? ഒരു നാടിന്റെ ഏക ആശ്രയമായ സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ ഉപ്പ് വാരിയിട്ടു
സ്വന്തം ലേഖകൻ
വണ്ടിപ്പെരിയാർ: ഒരു നാടിന്റെ ഏക ആശ്രയമായ സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ ഉപ്പ് വാരിയിട്ടു. വണ്ടിപ്പെരിയാർ – ചെങ്കര സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ സാമൂഹ്യവിരുദ്ധർ ഉപ്പ് വാരിയിട്ടതായി പരാതി. വണ്ടിപ്പെരിയാർ, ഡൈമുക്ക്, മൂങ്കലാർ, ചെങ്കര ഭാഗങ്ങളിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും ഏക ആശ്രയമായിരുന്നു ഈ സ്വകാര്യ ബസ്. ഈ ബസില്ലെങ്കിൽ ജീപ്പിനെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. സ്ഥിരമായി ഈഭാഗത്ത് റോഡ് മോശമായതിനാൽ ജീപ്പുകളോ മറ്റു വാഹനങ്ങളോ ഒന്നുംതന്നെ സർവീസ് നടത്താറില്ല. ഒരുദിവസം 12 സർവീസാണ് ഈ സ്വകാര്യ വാഹനം നടത്തുന്നത്. കഴിഞ്ഞദിവസം ഡൈമുക്ക് അമ്പലപ്പടി ഭാഗത്ത് വണ്ടി തകരാറിലായതിനെതുടർന്ന് ബസ് സർവീസ് അവസാനിപ്പിച്ച് ജീവനക്കാർ പോയിരുന്നു. രാത്രിയിലാണ് ഡീസൽ ടാങ്കിൽ ഉപ്പ് വാരിയിട്ടതെന്നാണ് നിഗമനം. രാവിലെ എത്തിയ ഡ്രൈവറാണ് സംഭവം അറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകി.
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ഈ മേഖലയിൽ പതിവാണ്. ആറുമാസംമുൻപ് ഡൈമുക്ക് അമ്പലത്തിലും ഡൈമുക്കിൽ പ്രവർത്തിച്ചിരുക്കുന്ന കടയിലും തീയിട്ട സംഭവവും ഉണ്ടായിരുന്നു.