
ലോട്ടറിവിറ്റും കൂലിപ്പണി ചെയ്തും രണ്ട് ആണ്‍മക്കളെ പഠിപ്പിച്ചു ജോലിക്കാരാക്കി; മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാര്‍ഥ്യമാകും മുന്‍പേ 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു; നല്ലരീതിയില്‍ ജീവിക്കണമെന്ന പത്മത്തിന്റെ ആഗ്രഹത്തെ മുതലെടുത്ത് ഷാഫിയുടെ ചതി; ധര്‍മപുരിയില്‍നിന്ന് ജീവിതം തേടി കൊച്ചിയിലെത്തിയ പത്മ നരബലിയെന്ന ക്രൂരകൃത്യത്തോടെ ഇല്ലാതാകുമ്പോൾ
പത്തനംതിട്ട: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍നിന്ന് ജീവിതം തേടിയാണ് പത്മ കൊച്ചിയിലെത്തിയത്. ലോട്ടറിവിറ്റും കൂലിപ്പണി ചെയ്തും വരുമാനമുണ്ടാക്കി. അങ്ങനെ രണ്ട് ആണ്‍മക്കളെയും നന്നായി പഠിപ്പിച്ചു. മക്കള്‍ ഇരുവരും നല്ല ജോലിക്കാരുമായി. രണ്ടാമത്തെ മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാര്‍ഥ്യമാകും മുന്‍പേ പത്മയുടെ ജീവിതം നരബലിയായി ഒടുങ്ങി, 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു. ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി ഷാഫിയുടെ നിര്‍ദേശപ്രകാരമായിരുന്നു ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്ന് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.
ജന്മനാടുവിട്ട് കൊച്ചിയിലെത്തിയ പത്മ കൂലിപ്പണിക്കും ലോട്ടറി വില്‍ക്കാനും പോയിരുന്നു. ഏജന്‍സിയില്‍നിന്ന് ലോട്ടറി വാങ്ങി റോഡില്‍ നടന്ന് വില്‍ക്കുകയായിരുന്നു പതിവ്. മൂത്തമകന്‍ സേട്ടുവിന് തമിഴ്‌നാട്ടിലെ ഗവണ്‍മെന്റ് കോളേജിലെ അധ്യാപകജോലി ലഭിച്ചപ്പോള്‍, രണ്ടാമന്‍ സെല്‍വരാജിന് ടി.സി.എസില്‍ എന്‍ജിനീയറായും ജോലി ലഭിച്ചു.
ഭര്‍ത്താവ് രംഗന്‍ നേരത്തെ പത്മയ്‌ക്കൊപ്പം കൊച്ചിയിലുണ്ടായിരുന്നു. എന്നാല്‍ ജോലിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങിയ രംഗന്‍ ഇടയ്ക്ക് വരികയായിരുന്നു പതിവ്. കൊച്ചി കടവന്ത്രയിലായിരുന്നു പത്മ ലോട്ടറിവില്‍പ്പന നടത്തിയിരുന്നത്. താമസിച്ചിരുന്നത് കടവന്ത്രയിലെ സെയ്ന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിക്കടുത്ത് ഫാത്തിമ മാതാ റോഡിലെ വാടകക്കെട്ടിടത്തിലെ കുടുസ്സുമുറിയിലും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും കടവന്ത്ര മെട്രോ പില്ലര്‍ 782-നടുത്ത് രാവിലെ പണി തേടിയെത്തുന്ന തമിഴ് തൊഴിലാളികളുടെ കൂട്ടത്തില്‍ പലപ്പോഴും പത്മയും ഉണ്ടാകാറുണ്ടായിരുന്നു. കുറെക്കാലം അവരുടെ അനിയത്തിയും വന്നിരുന്നു. രാവിലെ ഏഴു മണിക്ക് മുറിയില്‍നിന്ന് പോയാല്‍ രാത്രിയാകും പത്മ തിരിച്ചെത്തുകയെന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാരന്‍ ആന്ധ്ര സ്വദേശി രമണയും പാര്‍വതിയും പറയുന്നു.
പത്മയുടെ മൂത്തമകന്‍ സേട്ടുവിന് തമിഴ്‌നാട്ടിലെ ധര്‍മപുരി ഗവ. പോളിടെക്‌നിക് കോളേജില്‍ അധ്യാപകനായി ചേരേണ്ട ദിവസമായിരുന്നു ചൊവ്വാഴ്ച. എന്നാല്‍ അന്നാണ് അമ്മ അതിക്രൂരമായി നരബലി നല്‍കപ്പെട്ടു എന്ന വിവരം ആ കുടുംബം അറിയുന്നത്. മുന്‍പ് ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്ന സേട്ടുവിന് പോളിടെക്‌നിക്കില്‍ ഫിസിക്‌സ് അധ്യാപകനായാണ് നിയമനം കിട്ടിയിട്ടുള്ളത്. വിവാഹിതനായ സേട്ടുവിന് രണ്ടു മക്കളുമുണ്ട്. രണ്ടാമത്തെ മകനും ടി.സി.എസില്‍ എന്‍ജിനീയറുമായ സെല്‍വരാജ് ചെന്നൈയിലെ ടൈറ്റില്‍ പാര്‍ക്ക് കാമ്പസിലാണ് ജോലിചെയ്യുന്നത്. ‘നിന്റെ കല്യാണംകൂടി വേഗം ഒന്നു നടത്തണം’- എന്ന് കഴിഞ്ഞയാഴ്ച പത്മ, സെല്‍വരാജിനോടു പറഞ്ഞിരുന്നു.
”പത്തു ദിവസം മുന്‍പാണ് പത്മ നാട്ടില്‍ പോയി തിരിച്ചുവന്നത്. ജീവിതപ്രയാസങ്ങള്‍ ഇടയ്ക്കിടെ പറയുമായിരുന്നു. നമുക്ക് എന്നെങ്കിലും സുഖമായി ജീവിക്കാനാകുമോയെന്നൊക്കെ ഇടയ്ക്ക് ചോദിച്ചത് ഓര്‍ക്കുന്നുണ്ട്”- പത്മത്തിന്റെ നാട്ടുകാരികൂടിയായ ചിലവന്നൂരില്‍ താമസിക്കുന്ന മുത്ത് സങ്കടത്തോടെ പറഞ്ഞു. നല്ലരീതിയില്‍ ജീവിക്കണമെന്ന പത്മത്തിന്റെ ആഗ്രഹത്തെ ഷാഫി മുതലെടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ലൈംഗികവൃത്തിക്കായി വന്നാല്‍ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരം. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍വെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പത്മയെ മറ്റൊരു മുറിയില്‍ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാന്‍ നേരത്തെ എടുത്തുവെച്ച കുഴിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതവിവരം അറിഞ്ഞതിന് പിന്നാലെ സെല്‍വരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണന്‍, രാമു, മുനിയപ്പന്‍ എന്നിവരാണ് വിവരമറിഞ്ഞ് കൊച്ചിയില്‍നിന്ന് എത്തിയത്. ദിവസവും രണ്ടുനേരവും പത്മ വിളിക്കാറുണ്ടായിരുന്നെന്നും അത് മുടങ്ങിയപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നെന്നും പളനിയമ്മ പറഞ്ഞു. കാണാതായ ദിവസം വിളിവന്നില്ല. അപ്പോഴെ സംശയം തോന്നിയിരുന്നു. പല തവണ തിരിച്ചു വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെയാണ് കടവന്ത്ര പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതെന്നും പളനിയമ്മ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സെല്‍വനെയും ഇളയമ്മ പളനിയമ്മയെയും ഇലന്തൂരിലെത്തിച്ചത്. ഭഗവല്‍ സിങ്ങിന്റെ വീടിന്റെ തെക്കുവശത്തുള്ള പറമ്പിലായിരുന്നു ഹീനമായ നരബലിക്കു ശേഷം പത്മയുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടിരുന്നത്. ഷാഫിയാണ് ഈ സ്ഥലം കാണിച്ചു കൊടുത്തത്. പത്മത്തിന്റെ കയ്യാണ് ആദ്യം ലഭിച്ചത്. പിന്നീട് നെഞ്ചിന്റെ ഭാഗവും ലഭിച്ചു. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ടിരുന്നത്.