
നൻപകൽ നേരത്ത് മയക്കവും അറിയിപ്പും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തർദേശീയ മത്സര വിഭാഗത്തിലേക്ക്; സമ്പൂർണ പട്ടിക അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തർദേശീയ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്നിവയാണ് മലയാളത്തിൽ നിന്നും മത്സരവിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്.
കൂടാതെ മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. രാജ്യാന്തര മൽസരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലായാണ് സംസ്ഥാന ചലച്ചിത്ര മേള നടക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരൻറെ വഴക്ക്, താമർ കെ വിയുടെ ആയിരത്തൊന്ന് നുണകൾ, അമൽ പ്രാസിയുടെ ബാക്കി വന്നവർ, കമൽ കെ എമ്മിൻറെ പട, പ്രതീഷ് പ്രസാദിൻറെ നോർമൽ, അരവിന്ദ് എച്ചിൻറെ ഡ്രേറ്റ് ഡിപ്രഷൻ, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർഥ ശിവയുടെ ആണ്, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവരുടെ ഭർത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനൻ ടി ആറിൻറെ ധബാരി ക്യുരുവി, അഖിൽ അനിൽകുമാർ, കുഞ്ഞില മാസിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ് എന്നിവർ ചേർന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിൻറെ 19 1 എ എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംവിധായകൻ ആർ ശരത്ത് ചെയർമാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കർ, അനുരാജ് മനോഹർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.
രണ്ട് വർഷത്തിന് ശേഷമാണ് ഐ.എഫ്.എഫ്.കെ സാധാരണ സംഘടിപ്പിക്കാറുള്ള ഡിസംബർ മാസത്തിൽ നടത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അവസാന രണ്ട് ചലച്ചിത്ര മേളകളിൽ ഒന്ന് മാറ്റിവെക്കുകയും മറ്റൊന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പ്രാദേശികമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.