പതിവ് തെറ്റിക്കാതെ ബി എ ആളൂര്‍; പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും; നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്, കേസിന്റെ സത്യാവസ്ഥ അറിയണമെന്നും ആളൂർ
കൊച്ചി: വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാവുന്ന പതിവ് തെറ്റിക്കാതെ ബി എ ആളൂര്‍. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.
പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ വാദം. ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയല്‍ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികള്‍ സ്വീകരിക്കും’- ബി എ ആളൂരിന്റെ വാക്കുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പറഞ്ഞത്. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും, ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനും ഷാഫി ആവശ്യപ്പെട്ടുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്നാണ് സ്ത്രീകളുടെ മാസം മുറിച്ചെടുത്തത്. ഇതിന് ഷാഫി സഹായിക്കുകയും ചെയ്തു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമം. അതിന് ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.
ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവര്‍ക്കും നല്‍കാനും ഷാഫി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി.