
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല വിഷയത്തിലെ തന്ത്രിയുടെ നിലപാടുകൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഇരുനൂറിൽപരം വ്യക്തികളും സംഘടനകളും ചേർന്ന് ഒപ്പ് വെച്ച സംഘടിത പരാതിയാണ് മുഖ്യമന്ത്രിക്ക് നൽകിയത്. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി .
ശബരിമല തന്ത്രിയെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും ശബരിമല ക്ഷേത്രം മലയരയർക്ക് തിരിച്ചു കൊടുക്കണമെന്നും പരാതിയിൽ പറയുന്നു. സ്വാമി അഗ്നിവേശ്, മേധാപട്കർ, കാഞ്ച ഇലയ്യ, തീസ്റ്റ സെതൽവാദ്, അരുണാ റോയ്, ആനന്ദ് പട്വർദ്ധൻ തുടങ്ങി ഇരുനൂറിലധികം വ്യക്തികളും പ്രമുഖ സംഘടനകളുമാണ് സംഘടിത പരാതിയിൽ ഒപ്പു വെച്ചിരിക്കുന്നത്. 2018 സെപ്റ്റംബർ 28 ലെ ചരിത്രപരമായ സുപ്രീംകോടതി വിധിയെ തുടർന്ന് ബിന്ദുവും കനകദുർഗയും ജനുവരി 2 ന് ശബരിമലയിൽ പ്രവേശിച്ചു കൊണ്ട് ചരിത്രം നിർമിച്ചു. എന്നാൽ സ്ത്രീ പ്രവേശനത്തെ തുടർന്ന് മേൽ ശാന്തി ശുദ്ധിക്രിയ നടത്തിയത് മൂലം ഇന്ത്യയുടെ ചരിത്രത്തിൽ ഇതേ ദിവസം ഇരുണ്ട ദിവസമായി മാറിയിരിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശബരിമലയിൽ ബ്രാഹ്മണർ ആധിപത്യം സ്ഥാപിക്കുന്നതിനു മുൻപ് ആചാരപരമായ അവകാശങ്ങൾ ഉണ്ടായിരുന്ന മലഅരയരർക്ക് അവകാശം തിരികെ കൊടുക്കണം എന്നും പരാതിൽ പറയുന്നു. പരാതിയുടെ ഓരോ കോപ്പിവീതം രാഷ്ട്ര പതിക്കും, ചീഫ് ജസ്റ്റിസിനും, കേരള ഗവർണർക്കും സമർപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group