കടുത്തുരുത്തിയിൽ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്ന് വിദ്യാര്‍ത്ഥി; വീട്ടുകാരും പോലീസും മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍; ഒടുവിൽ സംഭവിച്ചത്….!
സ്വന്തം ലേഖിക
കടുത്തുരുത്തി: കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്ന കുട്ടിയുടെ കള്ളക്കഥ പോലീസിനെയും വീട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍.
ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. നീണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍പെടുന്ന പാറേല്പള്ളിക്കുസമീപം താമസിക്കുന്ന 12 വയസുകാരനാണ് കഥാനായകന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ വെള്ള കാറിലെത്തിയവര്‍ പിടികൂടി കണ്ണും മൂടിക്കെട്ടി തട്ടിക്കൊണ്ടു പോയെന്നാണ് കുട്ടി പറഞ്ഞത്.
തുടര്‍ന്ന് പോകുംവഴി ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ ആറാംമൈലിന് സമീപമെത്തിയപ്പോള്‍ റോഡിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. റോഡരികില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടന്ന കുട്ടിയെ ഇതുവഴി കടന്നുപോയയാള് കാണാനിടയായി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകല്‍ ഗൗരവമായിക്കണ്ട പോലീസ് അന്വേഷണവുമായി രംഗത്തിറങ്ങി. തട്ടിക്കൊണ്ടു പോയതായി കുട്ടി പറയുന്ന വീട് സ്ഥിതി ചെയ്യുന്ന പ്രദേശം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലും കുട്ടിയെ കണ്ടെത്തിയത് കടുത്തുരുത്തി സ്റ്റേഷന് പരിധിയിലുമായതിനാല്‍ രണ്ട് സ്റ്റേഷനുകളിലെയും പോലീസ് രംഗത്തിറങ്ങി. കുട്ടി പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയെങ്കിലും പോലീസ് അന്വേഷണം ശക്തമായി നടത്തി.
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഇത്തരമൊരു വാഹനം ഇതുവഴി കടന്നുപോയില്ലെന്ന് മനസിലായതോടെ കുട്ടി കള്ളം പറയുകയാണെന്നു പോലീസിന് ഏറെക്കുറെ ബോധ്യമായി. താന്‍ പറഞ്ഞ കാര്യങ്ങളില്‍ കുട്ടി ഉറച്ചുനിന്നതോടെ പോലീസും സംശയത്തിലായി. പിന്നീട് സൈക്യാട്രിസ്റ്റിനെ വിളിച്ചുവരുത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സത്യം ബോധ്യപ്പെടുന്നത്.
ഇളയ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുന്നതും രാവിലെ തന്നെ വഴക്ക് പറഞ്ഞതുമാണു വീടുവിട്ടിറങ്ങാന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. സ്കൂളിലേക്കു ബസില്‍ പോകുന്ന വഴിയെ നടന്നുപോയ കുട്ടി ആറാംമൈലിന് സമീപമെത്തിയപ്പോളാണ് തിരിച്ചു പോയേക്കാമെന്ന് ചിന്തിക്കുന്നത്. വീട്ടുകാര്‍ വീണ്ടും വഴക്ക് പറയുമെന്ന ഭീതിയിലാണ് തട്ടിക്കൊണ്ടു പോയതായി കഥ മെനഞ്ഞത്. താന്‍ പറഞ്ഞതു കള്ളമാണെന്ന് കുട്ടി സമ്മതിച്ചതോടെ ആശങ്ക വഴിമാറുകയായിരുന്നു.