
ഏ.കെ ശ്രീകുമാർ
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും മാമ്പഴം മോഷ്ടിച്ചത് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാരനായ ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു.
തേര്‍ഡ് ഐ ന്യൂസിന്റെ ഇടപെടലാണ് പുറംലോകം അറിയാതെ പോകുമായിരുന്ന മാമ്പഴക്കള്ളനെ ദൃശ്യങ്ങള്‍ സഹിതം വെളിച്ചത്ത് കൊണ്ടുവരാൻ സാധിച്ചത്. സസ്‌പെന്‍ഷനിലായ ഇടുക്കി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനും മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയുമായ ഷിഹാബിന് ഇനി നേരിടേണ്ടി വരിക മോഷണക്കുറ്റത്തിന്മേലുള്ള നിയമനടപടികളാകും. പക്ഷേ, കേസ് എത്ര ദൂരം മുന്നോട്ട് പോകുമെന്നത് കണ്ടറിയണം. കൊട്ടിഘോഷിച്ച ഒരുപാട് കേസുകള്‍ കെട്ടിയിട്ട വള്ളം പോലെ അനക്കമില്ലാതെ തീരത്ത് അടിയുന്ന കാഴ്ച ഒരുപാട് ആവര്‍ത്തി കണ്ട് പരിചയമുള്ള പൊതുസമൂഹം ഈ കേസും അധികം താമസമില്ലാതെ മറക്കും, പൊറുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ മലയാളി മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന പേരാണ് മധുവിന്റേത്. പട്ടിണി കാരണം അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധു.
കടുകുമണ്ണ ആദിവാസി ഊരിലെ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത് 2018 ഫെബ്രുവരി 22ന് പട്ടാപ്പകലാണ്. അന്ന് അയാള്‍ക്ക് 27 വയസ്സാണ് പ്രായം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ്. മധുവിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചിത്രം പോലും നിസ്സഹായതയുടേതാണ്. ഉടുമുണ്ട് അഴിച്ച് കൈകള്‍ ബന്ധിച്ച നിലയില്‍ കാട്ടിലെ പാറയിടുക്കിന് അടുത്തു നില്‍ക്കുന്ന മധു. അക്രമികള്‍ മധുവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണ്ണവും പണവുമല്ലായിരുന്നു, വിശപ്പടക്കാനുള്ള കുറച്ച് പിടി അരിയും സാധനങ്ങളും മാത്രം..!
എന്നിട്ടും ആള്‍ക്കൂട്ടം അയാളെ കെട്ടിയിട്ട് തല്ലിക്കൊന്നത് അയാള്‍ക്ക് യാതൊരു പ്രിവിലേജുമില്ലെന്നും അയാളെ തല്ലിയാലും കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെന്നുള്ള ധൈര്യം കാരണമാണ്. മധു ദരിദ്രനാണ്, ആദിവാസിയാണ്, സംവരണം പറ്റുന്നവനാണ്. അങ്ങനെയുള്ള ഒരാളെ മനുഷ്യനായി പരിഗണിക്കേണ്ടതില്ല എന്ന മനോഭാവമാണ് കൊലപാതകത്തിന് വഴിവച്ചത്.
അരലക്ഷം രൂപയിലധികം ശമ്പളം വാങ്ങുന്ന ഷിഹാബ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയരികില്‍ നിന്നും മാമ്പഴം മോഷ്ടിച്ചത് കയ്യില്‍ പണമില്ലാഞ്ഞിട്ടോ പട്ടിണി ആയിട്ടോ അല്ല. വഴിയോര കച്ചവടക്കാരുടെ സാധനങ്ങള്‍ മോഷണത്തിനിറങ്ങുന്ന കള്ളന്മാര്‍ പോലും എടുക്കാറില്ല. എന്നിട്ടും ഷിഹാബിന് അതെടുക്കാന്‍ തോന്നിയത് അയാളുടെ ഉള്ളില്‍ ക്രിമിനല്‍ മനോഭാവം ഉള്ളത് കൊണ്ട് തന്നെയാണ്. ഫിസിക്കല്‍ ഫിറ്റ്നസും മെന്റല്‍ ഫിറ്റ്‌നസും ഉറപ്പാക്കി ജോലി ചെയ്യുന്ന ഷിഹാബിന് ക്ലെപ്‌റ്റോമാനിയ എന്ന മാനസിക രോഗമാണെന്ന് പോലും പറഞ്ഞ് ന്യായീകരിക്കാനാവില്ല.
ഷിഹാബും മധുവും ചെയ്തത് ഒരേ തെറ്റാണ്. പക്ഷേ, രണ്ട് തെറ്റിനും പൊതുസമൂഹം വിധിച്ച ശിക്ഷ രണ്ടാണ്. മോഷണത്തെ ന്യായീകരിക്കാനാവില്ലെങ്കില്‍ പോലും പട്ടിണി കൊണ്ട് മോഷ്ടിച്ചവനെ മനസ്സാക്ഷിക്ക് ന്യായീകരിക്കാനാകും. പക്ഷേ, ഷിഹാബിനെ പൊലൊരു ഉദ്യോഗസ്ഥനെ എന്ത് പറഞ്ഞ് ന്യായീകരിക്കും? മനുഷ്യരെല്ലാം തുല്യരാണെന്ന് ഭരണഘടനയില്‍ മാത്രമേയുള്ളൂ, പൊതുസമൂഹത്തില്‍ ആരും തുല്യരല്ല. അങ്ങനെ കാണാന്‍ ശ്രമിച്ചാലും ശീലിച്ചു വന്ന ജാതിബോധവും പ്രിവിലേജുകളും അതിന് അനുവദിക്കുകയുമില്ല..!