video
play-sharp-fill

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തലയ്ക്ക് കുഴപ്പമുണ്ട്; സര്‍ക്കാര്‍ ജോലിയുടെ അഹങ്കാരമാണ് ഈ സ്ത്രീക്ക്; തലയും വാലുമില്ലാതെ പുറത്ത് വന്ന വീഡിയോ കണ്ടപാടെ വനിതാ കണ്ടക്ടറെ കല്ലെറിഞ്ഞവര്‍  തെറിവിളിക്ക് തൊട്ടുമുന്‍പുണ്ടായ രംഗം കൂടി അറിയണം..! സ്ലട്ട് ഷെയിമിംഗ് ഒരു സ്ത്രീയെ എത്ര പൊള്ളിക്കുമെന്നും..!

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തലയ്ക്ക് കുഴപ്പമുണ്ട്; സര്‍ക്കാര്‍ ജോലിയുടെ അഹങ്കാരമാണ് ഈ സ്ത്രീക്ക്; തലയും വാലുമില്ലാതെ പുറത്ത് വന്ന വീഡിയോ കണ്ടപാടെ വനിതാ കണ്ടക്ടറെ കല്ലെറിഞ്ഞവര്‍ തെറിവിളിക്ക് തൊട്ടുമുന്‍പുണ്ടായ രംഗം കൂടി അറിയണം..! സ്ലട്ട് ഷെയിമിംഗ് ഒരു സ്ത്രീയെ എത്ര പൊള്ളിക്കുമെന്നും..!

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ യാത്രക്കാരെ അസഭ്യം പറഞ്ഞ സംഭവമാണ് കേരളത്തില്‍ ഇപ്പോള്‍ ട്രെന്‍ഡ്. ഫേസ്ബുക്ക് എഴുത്തുകാരും യൂട്യൂബ് വ്‌ളോഗേഴ്‌സും മുതല്‍ നാട്ടിന്‍പുറത്തെ നാല്‍ക്കവലകളില്‍ വരെ വനിതാ കണ്ടക്ടറുടെ തെറിവിളിയാണ് വിഷയം. വീഡിയോ കണ്ട ആരായാലും വനിതാ കണ്ടക്ടറെ വിമര്‍ശിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. കാരണം, നിലവിട്ടുപോയ വാക്കും പ്രവര്‍ത്തിയും തന്നെയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കണ്ടക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന കാര്യവും ഉറപ്പാണ്.

തലയും വാലുമില്ലാതെയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ തെറിവിളി വീഡിയോ പുറത്ത് വന്നത്. കൃത്യമായി പറഞ്ഞാല്‍ ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ബസില്‍ നിന്നും പുറത്തിറങ്ങണമെന്നും പറഞ്ഞ് ആക്രോശിച്ച് അസഭ്യവര്‍ഷം നടത്തുന്ന ഭാഗം മുതല്‍. ഒരു പ്രകോപനവും കൂടാതെ അത്രയും അസഭ്യം പറയുന്ന സ്ത്രീയാണ് അവരെങ്കില്‍ ഉറപ്പായും അവര്‍ക്ക് ഭീകരമായ മാനസിക പ്രശ്‌നമുണ്ടായിരിക്കണം. അങ്ങനെ വെറുതെ ചീത്ത വിളിക്കുന്ന ഒരാളെങ്ങനെ പൊതുജനങ്ങളോട് അടുത്ത് ഇടപഴകേണ്ടി വരുന്ന കണ്ടക്ടര്‍ ജോലി ചെയ്യും? വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പ് ബസില്‍ നടന്ന രംഗം വീഡിയോയില്‍ കണ്ടതിനേക്കാള്‍ ഭീകരമായിരുന്നു. അതിലെ ഇര വനിതാ കണ്ടക്ടറും. കടുത്ത സ്ലട്ട് ഷെയിമിംഗ് അനുഭവിച്ച ശേഷമാണ് കണ്ടക്ടറുടെ നിലവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് സ്ലട്ട് ഷെയിമിംഗ് എന്നറിയാമോ? ഒരു സ്ത്രീയെ അപമാനിക്കുന്നതിനോ പരിഹസിക്കുന്നതിനോ പ്രകോപിപ്പിക്കുന്നതിനോ വേണ്ടി അവരെ ലൈംഗികമായ പദപ്രയോഗം കൊണ്ടോ പ്രവര്‍ത്തികൊണ്ടോ അക്രമിക്കുന്ന പരിപാടി. കുറച്ച് കൂടി ലളിതമായി പറഞ്ഞാല്‍, അവള് പോക്ക് കേസാടാ… എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന സംഭവം. രാത്രിയില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍, നാട്ടുകാര്‍ നിശ്ചയിച്ചിരിക്കുന്ന കോസ്റ്റിയൂമിനും മേക്കപ്പിനും അപ്പുറം അണിഞ്ഞൊരുങ്ങുന്നവര്‍, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, വിധവകള്‍, വിദേശത്ത് ഒറ്റയ്ക്ക് കഴിയുന്നവര്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ്, എടീ എന്ന് വിളിച്ചാല്‍ എന്താടാ എന്ന് തിരിച്ച് ചോദിക്കുന്നവര്‍, നാലാള് അറിയുന്ന പ്രണയമുള്ളവര്‍, ആണ്‍സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ലാത്തവര്‍ തുടങ്ങിയവരാണ് സ്ലട്ട് ഷെയിമിംഗിന് സ്ഥിരം ഇരായാകാറുള്ളതെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും. ഇതൊന്നും പ്രിവിലേജ്ഡ് ക്ലാസിലെ പെണ്ണുങ്ങള്‍ മാത്രം അനുഭവിക്കുന്ന കാര്യമല്ല. തുണിക്കടയില്‍ ജോലിക്ക് പോകുന്ന സ്ത്രീ രാത്രി വൈകി ബസില്‍ കയറിയാലോ നാട്ടിലെ വഴിയിലൂടെ ഒറ്റയ്ക്ക് ഇരുട്ടില്‍ നടന്നാലോ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ അവരെ താമസസ്ഥലത്ത് ഡ്രോപ് ചെയ്താലോ ഒക്കെ അവര്‍ കേള്‍ക്കാന്‍ സാധ്യതയുള്ളതാണ് അവള്‍ ആള് അത്ര ശരിയല്ല എന്ന പ്രയോഗം. ഒരു സ്ത്രീ ഒറ്റയ്ക്ക് അധ്വാനിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കിയാലും സ്വകാര്യതയില്‍ ഒളിഞ്ഞ് നോക്കുന്നവനെ ചെവിക്ക് പിടിച്ച് പുറത്താക്കിയാലോ ഒക്കെ നാട്ടുമ്പുറ- നഗര വ്യത്യാസമില്ലാതെ അവര്‍ സ്ലട്ട് ഷെയിമിംഗിന് ഇരയാക്കപ്പെടും.

ആണുങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് സ്ലട്ട് ഷെയിമിംഗ് ചെയ്യുന്നതിന് സ്ത്രീകള്‍ക്കുള്ള മിടുക്ക്, ഇരയാക്കപ്പെടുന്നതും സ്ത്രീകള്‍ തന്നെ. സ്ത്രീകള്‍ എല്ലാക്കാലത്തും എല്ലാവരെയും തൃപ്തിപ്പെടുത്തി അടങ്ങി ഒതുങ്ങി ജിവിച്ചുകൊള്ളണമെന്ന ധാരണ എത്ര പുരോഗമനം പറയുന്നവരുടെ ഉള്ളിലും ഉണ്ട്. സ്ലട്ട് ഷെയിമിംഗ് ചെയ്യുന്നത് എന്തോ വലിയ മിടുക്കാണെന്ന ധാരണ മാറണമെങ്കില്‍ മിനിമം കുറച്ച് വര്‍ഷങ്ങള്‍ എങ്കിലും ക്രിമിനല്‍ കേസ് നടപടികളുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങേണ്ടി വരും. സ്വകാര്യത പ്രധാനമാണെന്നൊക്കെ സുപ്രീം കോടതിക്ക് പറയാം, ഞങ്ങള്‍ക്കൊക്കെ വല്ലവന്റേം സ്വകാര്യത കഴിഞ്ഞേ ഊണും ഉറക്കവുമുള്ളൂ എന്നതാണ് നാട്ടുകാരുടെ ഒരു ലെയ്ന്‍..!

കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്ക് നേരിടേണ്ടി വന്നതും സ്ലട്ട് ഷെയിമിംഗ് തന്നെയാണ്. കണ്ട്ക്ടറുടെ വീടിന് തൊട്ടടുത്ത പ്രദേശത്ത് താമസിക്കുന്ന ചിറയിന്‍കീഴ് പ്രദേശത്തെ താമസക്കാരായ സ്ത്രീകള്‍ തന്നെയാണ് ബസില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന അവരെപ്പറ്റി മോശമായി അടുത്തിരുന്ന യാത്രക്കാരോട് സംസാരിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുമ്പോള്‍ അവര്‍ കേള്‍ക്കേണ്ടി വരുന്ന നാട്ടിലെ സദാചാരക്കാരുടെ കമെന്റ് തൊഴിലിടത്തിലും കേള്‍ക്കേണ്ടി വന്നപ്പോളാണ് നിലവിട്ടതും അസഭ്യം പറഞ്ഞതും. അപമാനിച്ചവര്‍ തന്നെ വീഡിയോ എടുത്താല്‍ ഇതൊന്നും പതിയില്ലല്ലോ..!

ഇത് മാത്രമല്ല, കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ച് മാനേജ്‌മെന്റോ സര്‍ക്കാരോ യൂണിയനുകളോ ചര്‍ച്ച ചെയ്യുന്നുമില്ല എന്നതാണ് വാസ്തവം. പുലര്‍ച്ചെ ആരംഭിക്കുന്ന, സാമാന്യം നല്ല തിരക്കും കളക്ഷനുമുള്ള റൂട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീക്ക് ആഹാരം കഴിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും പോലുമുള്ള സൗകര്യങ്ങള്‍ മാനേജ്‌മെന്റ് ഒരുക്കിയിട്ടില്ല. ആറ്റിങ്ങലില്‍ നിന്ന് തുടങ്ങി ചിറയിന്‍കീഴ് വഴി തിരുവനന്തപുരം പോകുന്നതാണ് അവര്‍ ജോലി ചെയ്തിരുന്ന ഷിഫ്റ്റ്. പുലര്‍ച്ചെ അഞ്ചേകാലിന് ആരംഭിക്കുന്നതാണ് ആ ട്രിപ്പ്. നല്ല കളക്ഷന്‍ കിട്ടുന്ന ഈ ഡ്യൂട്ടി ഞായറാഴ്ച പോലും ക്യാന്‍സല്‍ ചെയ്യാറില്ല.

വാലും തലയുമില്ലാത്ത ആ വീഡിയോ വന്നപാടെ എല്ലാകുറ്റങ്ങളും അവരുടെ ഭാഗത്ത് മാത്രമാണെന്ന രീതിയിലാണ് ചര്‍ച്ചകളുണ്ടായത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്ബള പ്രതിസന്ധി ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സംഭവത്തിന്റെ മറുവശത്തെ പറ്റി ചിന്തിക്കാനോ ആ സ്ത്രീക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനോ ആരും ഇതുവരെയും തയ്യാറായിട്ടില്ല. അവരെ ഓഡിറ്റ് ചെയ്യുന്നതിനൊപ്പം സ്ലട്ട് ഷെയിമിംഗ് ഉണ്ടാക്കുന്ന മുറിവും ശമ്പള പ്രതിസന്ധിയും പ്രാഥമികസൗകര്യങ്ങളുടെ അപര്യാപ്തതയും ചര്‍ച്ച ചെയ്യപ്പെടേണ്ടേ..?