മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടാനുള്ള കഴിവ്; ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് പോലും ഊരി പോകുന്ന അസാമാന്യ മെയ് വഴക്കം; ഒരുനാട് മുഴുവന്‍ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി വലവിരിച്ചു; ഒടുവില്‍ കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പൊലീസ് പിടിയില്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

എറണാകുളം: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പൊലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് ജോണ്‍സണ്‍ എന്നാണ്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആറ് വര്‍ഷം മുന്‍പ് മോഷണത്തിനിടെ മരിയാര്‍ പൂതത്തെ നോര്‍ത്ത് പോലീസ് പിടികൂടിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാള്‍ പിടിയിലാകുകയുമായിരുന്നു.

പക്ഷേ, അന്ന് നോര്‍ത്ത് പോലീസിനോട് പൂതം പറഞ്ഞത് ഇത് പിന്നീട് നിങ്ങള്‍ക്ക് പ്രശ്‌നമാകുമെന്നായിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാര്‍ പൂതം നേരെ എത്തിയത് നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളിലേക്കാണ്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ഇയാള്‍ മോഷണം പതിവാക്കി.കുറച്ചു നാളുകളായി പോലീസും നാട്ടുകാരും ഇയാള്‍ക്കായി രംഗത്തുണ്ടായിരുന്നു. മതിലില്‍ കൂടി രണ്ട് വിരലില്‍ ഓടാനുള്ള കഴിവ് മരിയാര്‍ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. ആളുകളെ വെട്ടിച്ച് രക്ഷപ്പെടും. റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാള്‍ ഓടി മറയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മരിയാര്‍ പൂതത്തെ പിടിക്കാന്‍ വാട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് മരിയാര്‍ പൂതം പിടിയിലാകുന്നത്.