കുടിയന്മാരുടെ പ്രിയ ബ്രാന്റ് ‘ജവാൻ റമ്മി’ന്റെ ഉല്പാദനം കൂട്ടാൻ തീരുമാനം; ഓണത്തിന് ഉശിരോടെ ‘ജവാൻ’ വരും!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുടിയന്മാരുടെ പ്രിയ ബ്രാന്റായ ‘ജവാൻ റം’ ഓണ വിപണി അടക്കിവാഴും! പ്രതിദിനം രണ്ടായിരം കെയ്‌സ് അധികം ഉത്പാദിപ്പിച്ച വിപണി പിടിക്കാൻ സർക്കാർ ഡിസ്റ്റിലറിയായ പത്തനംതിട്ട പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഒരുങ്ങുന്നു. ഒരുകോടിയോളം രൂപ ചെലവിട്ട് കമ്പനിയിൽ ഇതിനായി പുതിയ പ്രൊഡക്ഷൻ ബോട്ട്‌ലിംഗ് യൂണിറ്റുകളുടെ നിർമ്മാണം തുടങ്ങി. രണ്ട് മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഓണക്കാലമാകുമ്പോഴേക്കും ജവാൻ ഡീലക്‌സ് സ്പെഷ്യൽ ട്രിപ്പിൾ എക്‌സ് റം കൂടുതൽ ഉത്പാദിപ്പിക്കും. വൻ ഡിമാന്റുണ്ടെങ്കിലും ആവശ്യത്തിന് ജവാൻ റം കിട്ടാറില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനാവും. നിലവിൽ പ്രതിദിനം 6000 കെയ്‌സാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ പ്‌ളാന്റ് വരുന്നതോടെ ഇത് 8000 കെയ്‌സായി ഉയരും. വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും മിതമായ വിലയുമാണ് സാധാരണക്കാർക്ക് ജവാനെ പ്രിയപ്പെട്ടതാക്കിയത്. മറ്റ് ബ്രാൻഡുകളുമായി വിപണിയിൽ കിടപിടിക്കാനും ജവാന് കഴിയുന്നുണ്ട്. ന്യൂട്രൽ ആൽക്കഹോളും സ്പിരിറ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ജവാൻ റം തിരുവനന്തപുരത്തെ ഗവൺമെന്റ് കെമിക്കൽ ലാബിൽ പരിശോധന നടത്തിയ ശേഷമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെയും പെരിങ്ങര, നിരണം പഞ്ചായത്തുകളിലെയും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും 75 സ്ത്രീ തൊഴിലാളികൾ സ്ഥിരം ജീവനക്കാർക്ക് പുറമേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ പ്‌ളാന്റ് വരുന്നതോടെ 25 പേർക്ക് കൂടി ജോലി സാദ്ധ്യതയുണ്ടാകും. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയാണ് ജോലി സമയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group