
പത്തനംതിട്ട: കോന്നി ഉപജില്ലാ കായികമേളയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടയടി. മുൻവൈരാഗ്യത്തെ തുടർന്നാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കായികമേളയ്ക്കിടെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്. രണ്ടുതവണ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികൾ ബസ് സ്റ്റാൻഡ് പരിസരത്തും സംഘർഷാവസ്ഥയുണ്ടാക്കി. തുടർന്ന് പൊലീസ് എത്തി ഇവരെ പിരിച്ചുവിടുകയായിരുന്നു.
വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടയടിക്ക് കാരണമായതെന്നാണ് വിവരം. രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ ആദ്യം ഏറ്റുമുട്ടിയത്. തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരമറിയിച്ചിരുന്നു. എന്നാൽ മതിയായ പൊലീസ് സാന്നിധ്യം സ്റ്റേഡിയത്തിൽ ഉറപ്പാക്കാൻ സാധിച്ചില്ല. കായികമേളയ്ക്ക് എത്തിയപ്പോൾ മുൻവൈരാഗ്യത്തിന്റെ പേരിൽ ഇവർ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, സംഘർഷത്തിൽ പുറത്തുനിന്നുള്ളവരും ഉൾപ്പെട്ടതായും വിവരങ്ങളുണ്ട്.
വൈകിട്ടും വിദ്യാർത്ഥികൾ തമ്മിൽ തല്ലുണ്ടായി. ഇതോടെയാണ് പൊലീസെത്തി രംഗം ശാന്തമാക്കിയത്. ഇതിനുശേഷം ബസ് സ്റ്റാൻഡിൽവെച്ചും വിദ്യാർത്ഥികൾ തമ്മിൽ തല്ലാൻ മുതിർന്നെങ്കിലും പൊലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. അതിനിടെ, മതിയായ അദ്ധ്യാപകരോ സംഘാടകരോ ഇല്ലാതെയാണ് കായികമേള നടത്തിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group