play-sharp-fill
ശബരിമലയിൽ ചിലരുടെ അജൻഡ തിരിച്ചറിയാൻ സർക്കാരിന് കഴിയില്ലെങ്കിൽ വേറെ ഏജൻസിയെ ഏൽപ്പിക്കും; ഹൈക്കോടതി

ശബരിമലയിൽ ചിലരുടെ അജൻഡ തിരിച്ചറിയാൻ സർക്കാരിന് കഴിയില്ലെങ്കിൽ വേറെ ഏജൻസിയെ ഏൽപ്പിക്കും; ഹൈക്കോടതി


സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പൊലീസിനും സർക്കാരിനും മറ്റ് സംഘടനകൾക്കും പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയിൽ ചിലരുടെ അജൻഡ മനസിലാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ അക്കാര്യം പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.യുവതീ പ്രവേശനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ ദിവസം ബിന്ദുവും കനകദുർഗയും പൊലീസ് സംരക്ഷണയിൽ ദർശനം നടത്തിയതിനെ സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും വിശ്വാസികളാണോയെന്നും കോടതി ചോദിച്ചു. അതെ എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. ശബരിമലയിൽ സർക്കാരിന് പ്രത്യേക അജൻഡയുണ്ടോ എന്നും കോടതി ചോദിച്ചു. സർക്കാരിന് പ്രത്യേക അജൻഡയുണ്ടെന്ന് പറയുന്നില്ല. എന്നാൽ ശബരിമലയിൽ ചിലരുടെ അജൻഡകൾ തിരിച്ചറിയാൻ സർക്കാരിന് കഴിയുന്നില്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പുറത്ത് നിന്നുള്ള ഏജൻസിയെ ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിനോ പൊലീസിനോ മറ്റ് സംഘടനകൾക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികളുടെ സ്ഥലമാണെന്നും കോടതി പറഞ്ഞു. മനിതി സംഘത്തെ നിലയ്ക്കലിൽ നിന്ന് സ്വകാര്യ വാഹനത്തിൽ പമ്പയിലെത്തിച്ച വിഷയത്തിലും കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിട്ടത് കോടതിയലക്ഷ്യമാകും. ഏത് അടിസ്ഥാനത്തിലാണ് സർക്കാർ ഇവിടേക്ക് വാഹനങ്ങൾ കടത്തി വിട്ടത്. ഇവിടേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാൻ പാടില്ലെന്ന് കർശന നിർദ്ദേശം ഇല്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അടക്കം എ.ജി നേരിട്ടെത്തി വിശദീകരണം നൽകിയെങ്കിലും കോടതി തൃപ്തരായില്ല. സർക്കാരിന് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും.