സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ കൊടിമര ജാഥ ബഹിഷ്‌കരിച്ച് വിമതപക്ഷം; സിപിഐയില്‍ വിഭാഗീയത ശക്തം; നിലപാടില്‍ ഉറച്ച് കാനം
സ്വന്തം ലേഖിക
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ കൊടിമര ജാഥാ ചടങ്ങ് ബഹിഷ്‌കരിച്ച് വിമതപക്ഷം.
കെ ഇ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന് മാറിനിന്നത്. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്നത് കെ ഇ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന് പകരം മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്മേളനത്തില്‍ നേതൃതലത്തില്‍ ഉള്‍പ്പടെ നിര്‍ണായക മാറ്റം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലാണ് വിമതപക്ഷത്തിന്റെ നീക്കം. സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്.
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്നാണ് തുടക്കമാകുന്നത്. ഇന്ന് വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് കൊടിമര ജാഥയും പതാക ജാഥയും സംഗമിക്കുക.
ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സി ദിവാകരനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.
എന്നാല്‍ സിപിഐയില്‍ വിഭാഗീയതയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.