സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈകിയാണെങ്കിലും തെറ്റ് തിരുത്തി കെഎസ്ആർടിസി. ബിരുദ വിദ്യാർഥിയായ രേഷ്മയുടെ പുതുക്കിയ കൺസെഷൻ ടിക്കറ്റ് കെഎസ്ആർടിസി അധികൃതർ വീട്ടിലെത്തിച്ചു നൽകി.
കൺസെഷൻ ടിക്കറ്റിനായി കോഴ്സ് സർട്ടിഫിക്കറ്റോ വിദ്യാർഥിയാണെന്നു തെളിയിക്കേണ്ട മറ്റ് രേഖകളൊന്നും രേഷ്മയ്ക്ക് ഹാജരാക്കേണ്ടി വന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്ച മുമ്പാണ് മകളുടെ കൺസെഷൻ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് കയ്യേറ്റം ചെയ്തത്. കൺസെഷൻ പുതുക്കാൻ മാസങ്ങൾക്ക് മുമ്പ് നൽകിയ കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കു തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത്.
സംഭവത്തിൽ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.