
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍. ജിതിന്‍ എകെജി സെന്റര്‍ ആക്രമിക്കാന്‍ പോകുന്ന കാര്യം യുവതിക്ക് അറിയാമായിരുന്നു. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു.
കേസില്‍ ഇവരെ സാക്ഷിയാക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഗൂഢാലോചനയിലും ആക്രമണത്തിലും കണ്ടെത്തിയാല്‍ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ജിതിനെ ഇന്ന് എ.കെ.ജി സെന്ററില്‍ എത്തിച്ച് തെളിവെടുത്തേക്കും. കൃത്യം നടക്കുമ്ബോള്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടും ചെരിപ്പും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ആക്രമണത്തിനായി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ചത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂട്ടര്‍ എത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ചത്. ഗൗരീശപട്ടത്ത് കാറില്‍ കാത്തിരുന്ന ജിതിന് ഒരു യുവതി എത്തി സ്‌കൂട്ടര്‍ കൈമാറി. ആക്രമണത്തിനു ശേഷം തിരിച്ചെത്തി ഈ സ്‌കൂട്ടര്‍ ജിതിന്‍ യുവതിക്ക് തന്നെ കൈമാറി. ശേഷം യുവതി ഈ സ്‌കൂട്ടര്‍ തിരികെ ഓടിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണ ഗൂഢാലോചനയില്‍ മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുകൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തേക്കും. ജിതിനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാന്‍ നീക്കം നടക്കുന്നത്. ജിതിനുമായി നടത്തിയ തെളിവെടുപ്പിലും ചോദ്യംചെയ്യലിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് പൊലീസ് പറയുന്നത്.
എ.കെ.ജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ഇനി അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ലക്ഷ്യം. ഗൗരീശപട്ടത്ത് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. കേസില്‍ നിര്‍ണായകമായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തണം. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.