ഹിജാബ് കത്തിച്ചും മുടിമുറിച്ചും പൗരോഹിത്യത്തെ വെല്ലുവിളിച്ച് സ്ത്രീകള്‍; സ്വാതന്ത്ര്യവും തുല്യതയും വേണമെന്ന് ആവശ്യം; മഹ്‌സയുടെ മരണത്തില്‍ ലോകമെങ്ങും പ്രതിഷേധം; പത്ത് മരണം സ്ഥിരീകരിച്ചു; ഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി ബൈഡന്‍
സ്വന്തം ലേഖകന്‍
ഇറാന്‍: ‘ഹിജാബ് തെറ്റായി ധരിച്ചു’ എന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട 22 കാരി മഹ്‌സ അമിനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഇറാനില്‍ തുടരുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. ഇറാനിലെ സാരി നഗരത്തില്‍ സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പൗരോഹിത്യത്തെ വെല്ലുവിളിച്ചു. ഉര്‍മിയ, പിരാന്‍ഷഹര്‍, കെര്‍മാന്‍ഷാ എന്നീ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേര്‍ മരിച്ചു. ഇതിലൊരാള്‍ സ്ത്രീയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെര്‍മാന്‍ഷായില്‍ രണ്ട് സാധാരണക്കാരെയും ഷിറാസില്‍ ഒരു പോലീസ് അസിസ്റ്റന്റിനെയും പ്രതിഷേധക്കാര്‍ കൊലപ്പെടുത്തിയതായി പോലീസും ആരോപിച്ചു.
ഹിജാബ് വലിച്ചെറിയുകയും തീയിടുകയും മുടി മുറിക്കുകയും ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യവും തുല്യതയുമാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ആറാം ദിവസവും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ നഗരത്തില്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. പ്രതിഷേധത്തില്‍ മുന്നില്‍ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ലോകത്തെ വിവിധ നഗരങ്ങളില്‍ ഇറാന്‍ വംശജരായ സ്ത്രീകള്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിച്ച് രംഗത്തിറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി.
15 നഗരങ്ങളിലാണ് വലിയ തോതില്‍ പ്രതിഷേധം അരങ്ങേറുന്നത്. പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് വാഹനങ്ങള്‍ക്കും വേസ്റ്റ് ബിന്നുകള്‍ക്കും തീയിട്ട പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നു. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ചു.