ആനവണ്ടിയെ കൈവിട്ട് കോട്ടയത്തെ ‘അച്ചായന്‍സ്’..! നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തി കെഎസ്ആര്‍ടിസി; കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന ലക്ഷങ്ങളുടെ പരസ്യം പിന്‍വലിക്കാനൊരുങ്ങി കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ്; നടപടി കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച മനുഷ്യത്വ രഹിത സംഭവത്തില്‍ പ്രതിഷേധിച്ച്; അച്ചായന്‍സ് ഗോള്‍ഡിനെ മാതൃകയാക്കാനൊരുങ്ങി മറ്റ് വ്യാപാരികളും
സ്വന്തം ലേഖകന്‍
കോട്ടയം: കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന ലക്ഷങ്ങളുടെ പരസ്യം പിന്‍വലിക്കാനൊരുങ്ങി കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ്. കാട്ടാക്കടയില്‍ മകളുടെ കണ്‍മുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് അച്ചായന്‍സ് ഗോള്‍ഡിന്റെ തീരുമാനം.
” നമ്മുടെ നാട്ടിലെ പൊതുമേഖലാ സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് വിശ്വസിച്ചിരുന്നു. എത്രയോ ജീവനക്കാരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന പേരുണ്ടായിട്ടും പട്ടിണി കിടക്കുന്നത്. ഭൂരിഭാഗം മലയാളികളെ പോലെ ഞാനും ഒരു കെഎസ്ആര്‍ടിസി പ്രേമിയാണ്. പറ്റുമ്പോഴൊക്കെ ദൂരയാത്രയ്ക്ക് പോലും കെഎസ്ആര്‍ടിസിയെ ആശ്രയിക്കാറുമുണ്ട്. ഒരു വ്യാപാരി എന്ന നിലയില്‍ പരസ്യം നല്‍കിയാണ് എനിക്ക് കെഎസ്ആര്‍ടിസിക്കൊപ്പം നില്‍ക്കാന്‍ കഴിയുക. അതുകൊണ്ടാണ് ഡിജിറ്റല്‍ സാധ്യതകള്‍ അനന്തമായ ഈ കാലത്തും കെഎസ്ആര്‍ടിസിക്ക് ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം തുകയുടെ പരസ്യം പ്രതിമാസം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ, കാട്ടാക്കടയിലെ സംഭവം വേദനിപ്പിച്ചു. എന്റെ കുടുംബത്തിലുമുണ്ട് ആ മോളുടെ പ്രായമുള്ള കുട്ടികള്‍. പൊതുജനത്തോട് ഇങ്ങനെ പെരുമാറുന്നതൊക്കെ കഷ്ടമാണ്. ആ മകള്‍ക്കും അച്ഛനും ഐക്യദാര്‍ഢ്യം നല്‍കുന്നതിന്റെ ഭാഗമായാണ് പരസ്യം പിന്‍വലിക്കുന്നത്. അവര്‍ക്ക് ആവശ്യമായ എല്ലാ നിയമസഹായവും നല്‍കും. അടുത്ത ദിവസം തന്നെ കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിക്കും” അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യനും തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു.
അതേസമയം, കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പിതാവിനേയും മകളേയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്. ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
നേരത്തെ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കാട്ടാക്കട സ്വദേശി പ്രേമനനും മകള്‍ക്കുമാണ് ഇന്നലെ രാവിലെ 11 മണിയോടെ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മര്‍ദനമേറ്റത്. കോളജ് വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ മകളുടെ മുന്നില്‍വച്ചു പിതാവിനെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വളഞ്ഞിട്ടു തല്ലി. തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു.
സംഭവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ ഡോറിച്ച് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.