പഞ്ചാബ് സര്‍വ്വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സര്‍വ്വകലാശാലയില്‍ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ; തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കേരള ബാങ്കിന്റെ ജപ്തി നോട്ടീസില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മരണത്തില്‍ പ്രതിഷേധം ശക്തം; അന്വേഷിക്കുമെന്ന ഉറപ്പുമായി സഹകരണ മന്ത്രി വി.എന്‍ വാസവന്; അകാലത്തില്‍ പൊലിയുന്ന വിദ്യാര്‍ത്ഥികളുടെ ജീവന് ആര് ഉത്തരം പറയും..? എന്തിനും ഏതിനും കൊടിപിടിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ എവിടെ..?
സ്വന്തം ലേഖകന്‍
ചണ്ഡിഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ (എല്‍പിയു) മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം.
സര്‍വകലാശാലയില്‍ ഡിസൈന്‍ കോഴ്സ് ചെയ്യുന്ന അഗ്നി എസ്.ദിലീപ് (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മരിച്ചത്.
”നിര്‍ഭാഗ്യകരമായ സംഭവത്തില്‍ സര്‍വകലാശാല ദുഃഖിതരാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൂടുതല്‍ അന്വേഷണത്തിന് അധികാരികള്‍ക്ക് സര്‍വകലാശാല പൂര്‍ണപിന്തുണ നല്കുന്നു.” സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സര്‍വ്വകലാശാലയില്‍ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പു ലഭിച്ചതായി കപൂര്‍ത്തല പൊലീസ് അറിയിച്ചു.
തൂത്തുക്കുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമനാഥപുരത്ത് നിന്നുള്ള വൈത്തീശ്വരി(17) ആണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയായ അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാലുവര്‍ഷം മുന്‍പ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന് അജികുമാര്‍ കേരള ബാങ്കിന്റെ പാതാരം ശാഖയില്‍ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജികുമാറിന്റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കള്‍ പറയുന്നു.
ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവര്‍ക്ക് നോട്ടീസ് നല്കി.തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജില്‍ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയില്‍ കയറി കതകടച്ചു. തുറക്കാതായതോടെ അയല്‍വാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന് അറിയിച്ചു.