കപ്പ വില വര്‍ധിച്ചതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലയിലെ ചെറുകിട കര്‍ഷകരുടെ കപ്പ തോട്ടങ്ങളില്‍ വ്യാപകമോഷണം ; കപ്പ വിൽക്കുന്നതിനിടെ കള്ളനെ പിടികൂടി നാട്ടുകാർ

Spread the love

കോട്ടയം: കപ്പ വില വര്‍ധിച്ചതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലയിലെ ചെറുകിട കര്‍ഷകരുടെ കപ്പ തോട്ടങ്ങളില്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം പുഞ്ചവയല്‍ സ്വദേശിയുടെ പുരയിടത്തില്‍ നിന്ന് 20 മൂട് കപ്പയാണ് മോഷണം പോയത്.

പുരയിടത്തില്‍ താന്‍ നട്ട 25 മൂട് കപ്പയാണ് മോഷണം പോയത് എന്നും മൂപ്പെത്തും മുന്‍പേ ആണ് കപ്പ പറിച്ചത് എന്നും കര്‍ഷകന്‍ മൂത്തേടത്ത് ചാക്കോ പറയുന്നത്. അടുത്തിടെ ആണ് കപ്പ വില വര്‍ധിച്ചത്. 20 രൂപയില്‍ നിന്ന് 45 മുതല്‍ 50 രൂപ വരെയാണ് കപ്പ വില എത്തിയിരിക്കുന്നത്.

ഇതോടെയാണു കള്ളന്മാര്‍ കപ്പയുടെ പിന്നാലെ കൂടിയിരിക്കുന്നത് എന്ന് കര്‍ഷകര്‍ പറയുന്നു. റോഡിനോട് ചേര്‍ന്നുള്ള പറമ്പുകളിലാണ് മോഷണം പതിവാകുന്നത്. രാത്രി വാഹനങ്ങളില്‍ എത്തി കപ്പ പറിച്ച് കിഴങ്ങ് എടുത്ത് കടന്ന് കളയുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ചിലരുടെ കൃഷിയിടങ്ങള്‍ക്ക് സമീപത്തെ വാഴക്കുലകളും തേങ്ങകളും മോഷണം പോയിട്ടുണ്ട്. ഒരു മൂട് കപ്പയില്‍ നിന്നു ശരാശരി രണ്ട് കിലോ വരെ കിഴങ്ങ് ലഭിക്കും എന്നാണ് പറയപ്പെടുന്നത്. മോഷണം വ്യാപകമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍.

അതേസമയം കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിന് അടുത്ത് വെച്ച് കര്‍ഷകര്‍ ഒരു കള്ളനെ കയ്യോടെ പൊക്കിയിരുന്നു. ഓണത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇവിടെ നിന്ന് ഒരാളുടെ കപ്പ നഷ്ടപ്പെട്ടിരുന്നത്. ഉടന്‍ തന്നെ കര്‍ഷകന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതി നല്‍കി എങ്കിലും നാട്ടുകാരും കപ്പ കള്ളനെ പിടിക്കാന്‍ സമാന്തരമായി അന്വേഷണത്തിന് ഇറങ്ങി. ഇതിനിടെ പൈങ്ങണ മദ്യവില്‍പന ശാലയ്ക്ക് മുന്‍പില്‍ കപ്പ വില്‍ക്കുകയായിരുന്ന കള്ളനെ കയ്യോടെ പിടികൂടി.

നാട്ടുകാര്‍ ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ഇതോടെ 30 കിലോ കപ്പയുടെ പണം നല്‍കി കള്ളന്‍ കേസില്‍ നിന്ന് ഒഴിവാകുകയായിരുന്നു. അതേസമയം കപ്പയുടെ വില കഴിഞ്ഞ മൂന്ന് മാസത്തോളമായി ഉയരുകയാണ്.

കഴിഞ്ഞ ജൂണില്‍ കപ്പയുടെ വില കിലോഗ്രാമിന് 60 രൂപ വരെ ആയി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷത്തെ വിലയിടിവ്, കാട്ടുപന്നി ശല്യം, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് കപ്പവില കൂടാന്‍ കാരണം എന്നാണ് കരുതുന്നത്.