
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബിനെ (നാലു വയസ്സ്) ആണ് സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.
സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കള്‍ പറഞ്ഞതായി ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. അകത്ത് കുട്ടിയുടെ സാന്നിധ്യം അറിയാത്തതിനാല്‍ ജീവനക്കാര്‍ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിര്‍ത്തിയത്.
രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ കാണുന്നത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അതേ സമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group