ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ഉത്രട്ടാതി ഊരുചുറ്റു വള്ളംകളി ഇന്ന് മീനച്ചിലാറ്റില്‍ നടക്കും

Spread the love

കോട്ടയം: രണ്ട് വര്‍ഷത്തെ കൊവിഡ് കാലത്തിന് ശേഷം ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ഉത്രട്ടാതി ഊരുചുറ്റു വള്ളംകളി ഇന്ന് മീനച്ചിലാറ്റില്‍ നടക്കും.

മുന്‍കാലങ്ങളില്‍ വലിയ ജലഘോഷയാത്രയായാണ് സംഘടിപ്പിച്ചിരുന്നത്. കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം ദേവിയുടെ പരാശക്തി ചൈതന്യം ആവാഹിച്ച സിംഹവാഹനം ഭക്തജനങ്ങള്‍ തിരുനടയില്‍ നിന്ന് കര വഞ്ചിയായി ആറാട്ട് കടവില്‍ കൊണ്ടുവരും.

തുടര്‍ന്ന്, കരുവാറ്റ ചുണ്ടന്‍ വള്ളത്തില്‍ പ്രതിഷ്ഠിക്കും. ശേഷം കളിവള്ളങ്ങളുടെ അകമ്ബടിയോടെ മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിച്ച്‌ ആറാട്ടുകടവില്‍ നിന്ന് സൂര്യകാലടി മനയില്‍ എത്തി പറ സ്വീകരിക്കും, തുടര്‍ന്ന്, നാഗമ്ബടം, ചുങ്കം, തിരുവാറ്റ വഴി മീനച്ചിലാറിന്റെ കൈവഴിയില്‍ പ്രവേശിച്ച്‌ കുമ്മനം, മറ്റ് പടിഞ്ഞാറന്‍ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്‌ വടക്കേനട വഴി ആറാട്ട് കടവില്‍ തിരികെയത്തും. പിന്നീട്, കര വഞ്ചിയായി സിംഹവാഹനത്തെ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തില്‍ സമര്‍പ്പിക്കുന്നതോടെ ചടങ്ങ് സമാപിക്കും. ശേഷം അത്താഴപൂജയും മറ്റ് ചടങ്ങുകളും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ പ്രസിദ്ധ കളിവള്ളമായ കരുവാറ്റ ചുണ്ടനിലാണ് മുത്തുക്കുട ചൂടി ദേവി വാഹനം പ്രതിഷ്ഠിക്കുന്നത്. മീനച്ചിലാറിന്റെ വിവിധ കടവുകളില്‍ പൂപ്പന്തല്‍ ഒരുക്കി നിറപറയും തെളിച്ച്‌ വള്ളംകളിയെ ആര്‍പ്പും വായ്ക്കുരവയുമായി സ്വീകരിച്ച്‌ ഭക്തജനങ്ങള്‍ ദേവിക്ക് കാണിക്ക സമര്‍പ്പണം നടത്തും.

മഴുവഞ്ചേരില്‍ രാധാകൃഷ്ണന്‍, തറയില്‍ ചന്ദ്രശേഖരന്‍ നായര്‍, പ്രസന്നന്‍ മുടിയൂര്‍ക്കര, താഴത്തേക്കുറ്റ് ചന്ദ്രന്‍ എന്നിവരാണ് വഞ്ചിപ്പാട്ടിന് നേതൃത്വം നല്‍കുന്നത്.

മന്ത്രി വി എന്‍ വാസവന്‍, തോമസ് ചാഴിക്കാടന്‍ എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആറാട്ടുകടവിലെത്തി വള്ളംകളിയെ യാത്രയാക്കും.