കൂറ്റന്‍ മുള്ളന്‍പന്നി ‘മുള്‍’മുനയില്‍ നിര്‍ത്തിയത് മണിക്കൂറോളം; ഒടുവില്‍ കൂട്ടിലാക്കിയത് വനിതാ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുലര്‍ച്ചെ രണ്ടരമണിയോടെ വളര്‍ത്തുനായ്ക്കളുടെ അസാധാരണമായ കുര കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.

പട്ടം എല്‍.ഐ.സി. കോളനിയിലെ മാത്യൂ സക്കറിയയും മകനും പുറത്തിറങ്ങി ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും ആദ്യം ഒന്നും കണ്ടില്ല. അകത്തുകയറി വാതിലടച്ചെങ്കിലും നായ്ക്കള്‍ കുര നിര്‍ത്താത്തതുകൊണ്ടു ഉറങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് വരാന്തയില്‍ മുള്ളുകള്‍ വിരിച്ച്‌ കൂറ്റന്‍ മുള്ളന്‍ പന്നിയെ കണ്ടത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഇതോടെ വിശാലമായ മുറ്റത്ത് ഓടിനടന്ന മുള്ളന്‍പന്നി വീട്ടുകാരെ പരിഭ്രാന്തരാക്കി.

ഏറെനേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മുള്ളന്‍പന്നിയുടെ പ്രകടനം. നായ്ക്കളെ തുറന്നുവിട്ടെങ്കിലും രണ്ടും ഓടി അടുത്തു ചെന്നെങ്കിലും പെട്ടെന്നുതന്നെ തിരിച്ചുവന്നു. ഇടയ്ക്ക് ഒന്നിന് മുള്ള് ഏല്‍ക്കുകയും ചെയ്തു. ഒടുവില്‍ ആറുമണിയോടെ ഒരുവിധം വീടിനോടു ചേര്‍ന്നുള്ള തേങ്ങാപ്പുരയില്‍ ഓടിച്ചുകയറ്റി. തുടര്‍ന്ന് പാലോട് റെയ്ഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അവിടെ നിന്ന് വിവരമറിയച്ചപ്രകാരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്നിയുടെ നേതൃത്വത്തില്‍ ഏഴരമണിയോടെ വനപാലകരെത്തി. മുള്ളന്‍പന്നിയെ പ്രത്യേകം സജ്ജീകരിച്ച വലകൊണ്ടുള്ള കൂടുപയോഗിച്ച്‌ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് പേപ്പാറ വനത്തില്‍ വിട്ടയച്ചു.

എല്‍.ഐ.സി. ഓഫീസിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് നിന്നാകാം മുള്ളന്‍പന്നി എത്തിയതെന്നാണ് വനപാലകരുടെ നിഗമനം. ഗേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മണ്ണ് ആഴത്തില്‍ കുഴിച്ചാണ് മുള്ളന്‍പന്നി മാത്യുവിന്റെ വീടിനുള്ളില്‍ കയറിയത്.