ശബരിമല സ്ത്രീപ്രവേശനത്തെ തുടർന്ന് ഹർത്താൽ: സഹകരിക്കില്ലെന്ന് വ്യാപാരികൾ; സംസ്ഥാന വ്യാപകമായി പ്രതിഷേധം: പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തള്ളി കയറി ; കനത്ത സുരക്ഷാ വീഴ്ച
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം നടന്നതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. തുടർച്ചയായ ഹർത്താലുകൾ കാരണം കനത്ത നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നതെന്നും അതിനാൽ എല്ലാ കടകളും നാളെ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിനെ തുടർന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. ശബരിമലയിൽ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കർമ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ മഹിളാ മോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ സുരക്ഷാ വേലികൾ ഭേദിച്ച് ഉള്ളിലേക്ക് കടന്നു. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഏഴോളം മഹിളാ മോർച്ചാ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്ന് പോകുന്ന സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് വഴിയാണ് പ്രവർത്തകർ കടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോകുന്ന സമയത്ത് നടന്ന പ്രതിഷേധം വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാവേലിക്കരയിലും തിരുവല്ലായിലും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നു. ദീർഘദൂര കെഎസ്ആർടിസി ബസ്സുകളടക്കം തടയുന്നു. മാവേലിക്കരയിൽ വിഗലാംഗന്റെ പെട്ടികടയടക്കം അടിച്ചു തകർത്തു. കൂടാതെ, വാർത്ത പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ക്യാമറകൾപിടിച്ചു വാങ്ങി നശിപ്പിച്ചു. കൊല്ലത്ത് മനോരമ്മയുടെ ഫോട്ടോഗ്രാഫർ വിഷ്ണു സനലിന് പരിക്കേറ്റു. കൊല്ലത്തും തിരുവനന്തപുരത്തും മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റു. കൊട്ടാരക്കര, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ദേവസ്വം ഓഫീസുകൾ അടപ്പിച്ചു. കൊച്ചി കച്ചേരിപ്പടിയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധം തുടരുകയാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. പുലർച്ചെ പമ്പയിൽ എത്തിയ ഇവർ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തുകയായിരുന്നു.