പാമ്പുപിടുത്തം ഹരമാക്കിയ ഡോക്ടർ; സ്വന്തം വീട്ടിൽ ഒരു ആശുപത്രി തുടങ്ങണമെന്ന ഡോക്ടറുടെ ആഗ്രഹത്തിന് നിയമത്തിന്റെ കീറാമുട്ടികൾ തടസ്സമായപ്പോൾ പാമ്പുപിടുത്തം തൊഴിലാക്കി; എം വി ഗോവിന്ദന്റെ ഇടപെടൽ കോട്ടയം സ്വദേശിയായ വിശാൽ സോണി എന്ന ഡോക്ടറുടെ സ്വപ്നം പൂവണിയുന്നു
കോട്ടയം: വീട്ടിൽ ആയുർവേദ ആശുപത്രി തുടങ്ങാനുള്ള തിരുവാർപ്പ് സ്വദേശിയുടെ ശ്രമം വിജയത്തിലേക്ക്. ഡോക്ടറാണെങ്കിലും ഇത്രയും കാലം പാമ്പു പിടുത്തമായിരുന്നു തിരുവാർപ്പ് കാഞ്ഞിരക്കാട്ട് മഠത്തിൽ ഡോ. വിശാൽ സോണി (31)യുടെ ജോലി. ആശുപത്രി തുടങ്ങുകയെന്നതിന്റെ നൂലാമാലകൾ മൂലം ആ സ്വപ്‌നം നീണ്ടു പോയതോടെ ഡോക്ടർ പാമ്പു പിടുത്തത്തിലേക്ക് തിരിഞ്ഞു. എന്നാൽ ഇപ്പോഴിതാ മന്ത്രി എം വിഗോവിന്ദന്റെ ഇടപെടലിൽ ലൈസൻസ് ലഭിച്ചതോടെ സ്വന്തം വീട്ടിൽ ഡോക്ടർക്ക് ആയുർവേദ ആശുപത്രി തുടങ്ങാൻ അനുമതിയായി.
2016ൽ പഠനം പൂർത്തിയാക്കിയെങ്കിലും ആശുപത്രി ലഭിക്കാൻ ലൈസൻസ് ലഭിക്കാതെ വന്നതോടെ തൊഴിൽരഹിതനായിരുന്നു വിശാൽ. പാമ്പുപിടിത്തമായിരുന്നു ആശ്രയം. വനം വകുപ്പിന്റെ കോഴ്‌സും പാസായി. ഇതുവരെ 75 പാമ്പുകളെ പിടിച്ചു.
അമ്മയും മുത്തശ്ശിയുമെല്ലാം താമസിച്ചിരുന്ന വീട്ടിൽ ആയുർവേദ ആശുപത്രി തുടങ്ങാൻ ശ്രമിച്ചെങ്കിലും നിയമം കീറാമുട്ടിയായി. ആധാരവും ഉടമകളുടെ നിരാക്ഷേപപത്രവും വേണമെന്നായിരുന്നു ചട്ടം. ഉടമകളായിരുന്ന മുത്തശ്ശിമാർ മരിച്ചുപോയതും ആധാരം ലഭ്യമല്ലാതായതും വിനയായി. 5 വർഷം വിവിധ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞയാഴ്ച സമൂഹമാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടു. അതു മന്ത്രിയുടെ ശ്രദ്ധയിൽപെട്ടു. കഴിഞ്ഞ ദിവസം തിരുവാർപ്പ് പഞ്ചായത്തിൽ പോയി അപേക്ഷ നൽകി. ആശുപത്രി തുടങ്ങിയാലും പാമ്പുപിടിത്തം തുടരുമെന്നാണു വിശാൽ പറയുന്നത്.