രാത്രിയും പകലും ഒരുപോലെ കഞ്ചാവ് സംഘങ്ങള്‍ അഴിഞ്ഞാടുന്നു; സ്വൈര്യജീവിതം കെടുത്തുന്നുവെന്ന പരാതിയുമായി വെട്ടിത്തുരുത്ത് നിവാസികള്‍
സ്വന്തം ലേഖിക
ചങ്ങനാശേരി: കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ സ്വൈര്യജീവിതം കെടുത്തുന്നതിനെതിരേ പ്രതിഷേധവുമായി വെട്ടിത്തുരുത്തു നിവാസികള്‍.
പകലും രാത്രിയും ഒരുപോലെ കഞ്ചാവ് സംഘങ്ങള്‍ അഴിഞ്ഞാടുന്നതായാണ് പരാതി ഉയരുന്നത്. ബൈക്കുകളില്‍ മൂന്നും നാലുംപേര്‍ വെട്ടിത്തുരുത്തിലെ റോഡുകളിലൂടെ അമിതവേഗത്തില്‍ സഞ്ചരിക്കുന്നത് സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഭീഷണി സൃഷ്ടിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ മൂന്നംഗസംഘം വടക്കേവെട്ടിത്തുരുത്ത് ഭാഗത്ത് കഞ്ചാവ് കൊടുക്കല്വാങ്ങലുമായി ബന്ധപ്പെട്ടു സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ആളുകള്‍ പരാതിപ്പെട്ടതു പ്രകാരം ചങ്ങനാശേരി പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും രാത്രിയോടെ വിട്ടയച്ചു.
വീണ്ടും ഇവര്‍ വെട്ടിത്തുരുത്തിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ചില വീടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും മദ്യപാനവും നടക്കുന്നതായും പരാതിയുണ്ട്. രാത്രികാലങ്ങളില്‍ വള്ളങ്ങളിലും സ്പീഡ് ബോട്ടുകളിലുമെത്തി ലഹരി വില്പന നടത്തുന്നതായും പറയപ്പെടുന്നു. പോലീസ്, എക്സൈസ് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.