എട്ടുനോമ്പ് തിരുനാള്‍: മണര്‍കാട് കത്തീഡ്രലില്‍ പള്ളിയിൽ ഇന്ന് കൊടിയേറ്റ്
മണര്‍കാട്: മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് കത്തീഡ്രലിലേക്ക് നോമ്പ് നോറ്റും പ്രാര്‍ഥനകള്‍ ചൊല്ലിയും നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള മരിയഭക്തര്‍ എത്തുന്നതോടെ ഇനിയുള്ള എട്ടു ദിനങ്ങള്‍ ഭക്തിസാന്ദ്രമാകും.
തിരുനാളിന്റെ ഭാഗമായി ദേവാലയവും പരിസരവും മനോഹരമായ ദീപാലങ്കാരത്താല്‍ പ്രകാശപൂരിതമാണ്.
തിരുനാളിനു തുടക്കം കുറിച്ചുള്ള കൊടിമരം ഉയര്‍ത്തല്‍ ഇന്നു നടക്കും. കൊടിമരഘോഷയാത്ര ഉച്ചകഴിഞ്ഞ് രണ്ടിനു പള്ളിയില്‍നിന്നു പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. തുടര്‍ന്നു 4.30നു കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു പള്ളിയുടെ പടിഞ്ഞാറുള്ള കല്ക്കുരിശിനോടു ചേര്‍ന്ന് ഉയര്‍ത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നുമുതല്‍ ഏഴുവരെ തീയതികളില്‍ 12ന് ഉച്ചനമസ്കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും. അഞ്ചുവരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. 1, 2, 3, 5 തീയതികളില്‍ വൈകുന്നേരം 6.30ന് ധ്യാനം ഉണ്ടായിരിക്കും. പൊതുസമ്മേളനം നാലിനും റാസ ആറിനും നടതുറയ്ക്കല് ഏഴിനും നടക്കും.