വെള്ളപ്പൊക്ക ദുരിതം പേറുന്ന പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യ ; ചർച്ചകൾ സജീവം
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ. പാകിസ്ഥാനെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യയുടെ സഹായം പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കം മൂലം പാകിസ്ഥാനിൽ ഇതുവരെ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്ന് കോടിയിലധികം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. ഇതിനിടെയാണ് പാകിസ്ഥാനെ സഹായിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇനിയും ഉണ്ടായിട്ടില്ല.
അതേസമയം, ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഒരു പാക് മന്ത്രി സൂചന നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group